സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷം
|മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. പലയിടങ്ങളിലും കടലാക്രമണം ശക്തമായതോടെ കടല്‍ ഭിത്തി തകരുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ഇന്ന് ഉച്ചയോടെയാണ് തീരദേശമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായത്. തിരുവനന്തപുരം ചിറയിന്‍കീഴ് അഞ്ച് തെങ്ങില്‍ പലയിടങ്ങളിലും കടല്‍ കയറി. തിരകള്‍ ആഞ്ഞടിച്ചതോടെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കൊല്ലം കാക്കത്തോപ്പ് മുതല്‍ പള്ളിന്നേര് വരെയുള്ള തീരദേശ പാത ഭാഗികമായി കടലെടുത്തു. കരുനാഗപ്പള്ളി, തങ്കശ്ശേരി എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. കടള്‍ പ്രക്ഷുബ്ധമായതോടെ കൊല്ലം ഇരവിപുരം തീരപാത താത്ക്കാലികമായി അടച്ചു.
ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം അധികൃതര്‍ക്ക് നിര്‍ദേശം നല്കി. കൊച്ചി പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് കടലാക്രമണം ഉള്ളത്. പ്രദേശത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലെന്നും പരാതിയുണ്ട്. പൊന്നാനി അഴീക്കലില്‍ കടല്‍ ഭിത്തി തകര്‍ന്ന് നിരവധി വീടുകളിലേക്ക് വെള്ളം കയറി. കോഴിക്കോട് നൈനാന് വളപ്പ , കൊയിലാണ്ടി, വടകര താഴെ അങ്ങാടി എന്നിവിടങ്ങളിലും തിരമാലകള്‍ ആഞ്ഞടിച്ചതോടെ തീരദേശ വാസികള്‍ പരിഭ്രാന്തിയിലാണ്.
കണ്ണൂര്‍ മുഴപ്പിലങ്ങാട് കടലാക്രമണത്തെ തുടര്‍ന്ന് ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി തയ്യാറാക്കിയ പവലിയനുകള്‍ ഒലിച്ചുപോയി. പ്രദേശത്തെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, ഉപ്പള, കുമ്പള, എന്നിവിടങ്ങളില്‍ രണ്ട് മീറ്ററോളം ഉയരത്തിലാണ് തിരമാലകള്‍ ആഞ്ഞടിച്ചത്.