പുറ്റിങ്ങല്‍ ക്ഷേത്രം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സന്ദര്‍ശിച്ചു
|പരവൂര്‍ വെടിക്കെട്ട് അപകടം നടന്ന പുറ്റിങ്ങല്‍ ക്ഷേത്ര മൈതാനം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു.
പരവൂര്‍ വെടിക്കെട്ട് അപകടം നടന്ന പുറ്റിങ്ങല്‍ ക്ഷേത്ര മൈതാനം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. അപകടം സംബന്ധിച്ച കേസുകള്‍ അടുത്ത മാസം 15ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് സംഭവസ്ഥലത്ത് നേരിട്ടെത്തിയത്.
പരവൂര്‍ വെടിക്കെട്ട് അപകടം സംബന്ധിച്ച പൊലീസ്, റവന്യു വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണനയിലിരിക്കെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധകൃഷ്ണന്‍ സംഭവസ്ഥലത്ത് നേരിട്ടെത്തിയത്. കളക്ടര്‍ എ ഷൈനാമോള്‍, സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ സന്ദര്‍ശനം. അപകടം നടന്ന മൈതാനത്തിന്റെ വിസ്തൃതി, കമ്പപ്പുര സ്ഥിതി ചെയ്ത ഇടം എന്നിവ ചീഫ് ജസ്റ്റിസ് ചോദിച്ച് മനസിലാക്കി. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലും ചീഫ് ജസ്റ്റിസ് സന്ദര്‍ശനം നടത്തി. ഒരു മണിക്കൂറോളം സന്ദര്‍ശനം നീണ്ടുനിന്നു.
പരവൂര്‍ വെടിക്കെട്ടപകടത്തിന് അനുമതി നല്‍കിയ അധികാര കേന്ദ്രത്തെ കണ്ടെത്തിയോ എന്ന് ക്രൈംബ്രാഞ്ചിനോട് നേരത്തെ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ബഞ്ച് ചോദിച്ചിരുന്നു. കേസ് സംബന്ധിച്ച അനേകം പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ മുമ്പാകെ ഉണ്ട്.