ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ കരുനാഗപ്പള്ളിക്കാര്‍
|കൊല്ലം കരുനാഗപ്പള്ളി പുതിയകാവില്‍ 2009 ഡിസംബറിലാണ് ഗ്യാസ് ടാങ്കര്‍ ദുരന്തം ഉണ്ടായത്
കേരളം കണ്ട ഏറ്റവും വലിയ ഗ്യാസ് ടാങ്കര്‍ ദുരന്തമാണ് 2009ല്‍ കരുനാഗപ്പള്ളിയിലുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥനടക്കം നാല് പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. എട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അപകടത്തിന്‍റെ നടുക്കത്തില്‍ നിന്ന് കരുനാഗപ്പള്ളി നിവാസികള്‍ ഇന്നും മുക്തരായിട്ടില്ല.
കൊല്ലം കരുനാഗപ്പള്ളി പുതിയകാവില്‍ 2009 ഡിസംബറിലാണ് ഗ്യാസ് ടാങ്കര്‍ ദുരന്തം ഉണ്ടായത്. മംഗലാപുരത്ത് നിന്ന് പാരിപ്പള്ളിയിലേക്ക് പാചകവാതകവുമായെത്തിയ ബുള്ളറ്റ് ടാങ്കര്‍ പുതിയകാവില്‍ വെച്ച് പുലര്‍ച്ചെ 3.50 ന് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. പാചകവാതകം ചോര്‍ന്നതോടെ ഫയര്‍ഫോഴ്സിന്‍റെ ആറ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ സമീപവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ ടാങ്കറിന് അടുത്തുണ്ടായിരുന്ന പോലീസ് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തതോടെ ടാങ്കര്‍ പൊട്ടിത്തെറിച്ചു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ചവറ സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ പ്രദീപ് കുമാറടക്കം നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എട്ട് വര്‍ഷം പിന്നിടുമ്പോഴും ദുരന്തത്തിന്‍റെ കെടുതികള്‍ മാഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇരകളുടെ കുടുബത്തോട് സര്‍ക്കാര്‍ നീതി കാണിച്ചത്. കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി.
കരുനാഗപ്പള്ളി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പാചകവാതക ടാങ്കറുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇവയില്‍ ഒന്നുപോലും പാലിക്കപ്പെട്ടിട്ടില്ല.