വെള്ളമില്ല...മലിനജലം കൃഷിക്കുപയുക്തമാക്കി ഒരു കര്‍ഷകന്‍
|വെള്ളത്തിന്റെ വിലയറിഞ്ഞ കര്‍ഷകനാണ് പുതുപ്പള്ളി ചീയമ്പത്തെ സിവി വര്‍ഗീസ്
ഈ വേനല്‍ ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കിയത് കര്‍ഷകരെയാണ്. ഗാര്‍ഹിക ആവശ്യം കഴിഞ്ഞ് പുറന്തള്ളുന്ന മലിനജലം കൃഷിക്കുപയോഗിച്ച് മാതൃകയാവുകയാണ് വയനാട്ടിലെ ഒരു കര്‍ഷകന്‍. സ്വന്തം വീട്ടിലെയും സമീപത്തെ വീടുകളിലെയും മലിനജലമുപയോഗിക്കുന്ന കൃഷിരീതി ജലസാക്ഷരതയുടെ നേര്‍സാക്ഷ്യമാണ്.
വെള്ളത്തിന്റെ വിലയറിഞ്ഞ കര്‍ഷകനാണ് പുതുപ്പള്ളി ചീയമ്പത്തെ സിവി വര്‍ഗീസ്. കടുത്ത വരള്‍ച്ചയില്‍ മറ്റുമാര്‍ഗമില്ലാതെ വന്നപ്പോഴാണ് മലിനജലത്തെ കൃഷിക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കുളിമുറിയിലെയും അടുക്കളയിലെയും വെള്ളം ഉപയോഗിച്ചായിരുന്നു ആദ്യത്തെ പരീക്ഷണം. പിന്നീട് അയല്‍വീടുകളിലെ മലിനജലവും പൈപ്പിലൂടെ എത്തിച്ച് പദ്ധതി വിപുലീകരിച്ചു. ചെലവായത് ഇരുപതിനായിരത്തോളം രൂപ. മലിനജലത്തിലെ സോപ്പ്, എണ്ണ എന്നിവ നീക്കലായിരുന്നു ആദ്യകടമ്പ. ഇതിനായി കക്ക, കരി, മെറ്റല്‍ എന്നിവ നിറച്ച ടാങ്കുകളിലൂടെ വെള്ളം കടത്തിവിട്ടു. ശുദ്ധീകരിച്ച വെള്ളം പമ്പ് വഴി വീടിന് മുകളിലുള്ള ടാങ്കിലേക്കെത്തിക്കും. അവിടെ നിന്നാണ് കൃഷിയിടത്തിലേക്ക് ജലസേചനം നടത്തുന്നത്. ജാതി, കുരുമുളക്, പച്ചക്കറികള്‍ തുടങ്ങി എല്ലാ കൃഷിക്കും തുള്ളിനനയാണ്.
പൂര്‍ണമായും ജൈവമാതൃകയിലാണ് വര്‍ഗീസിന്റെ കൃഷി. മഴക്കാലത്ത് റോഡിലൂടെ ഒഴുകിപ്പോവുന്ന വെള്ളം കൃഷിയിടത്തില്‍ ശേഖരിക്കാറുണ്ട്. സമീപത്തെ കിണറുകള്‍ വറ്റിയപ്പോള്‍ അവര്‍ക്ക് സഹായമായത് വര്‍ഗീസിന്റെ കിണറായിരുന്നു. വര്‍ഗീസിന്റെ കൃഷിരീതികള്‍ പഠിക്കാന്‍ ചെറുതോട്ടില്‍ വീട്ടിലിപ്പോള്‍ സന്ദര്‍ശകരുടെ തിരക്കാണ്.