Kerala
വന്‍കിട ബാങ്കുകളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനൊരുങ്ങി ഒരു ഗ്രാമംവന്‍കിട ബാങ്കുകളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനൊരുങ്ങി ഒരു ഗ്രാമം
Kerala

വന്‍കിട ബാങ്കുകളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനൊരുങ്ങി ഒരു ഗ്രാമം

Khasida
|
23 May 2018 10:16 AM GMT

സമ്പൂര്‍ണ സഹകാരി ഗ്രാമം പദ്ധതിയുമായി ആലപ്പുഴയിലെ മാരാരിക്കുളം

സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ മറികടക്കാനും പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ മറികടക്കാനുമായി സമ്പൂര്‍ണ സഹകാരി ഗ്രാമമായി മാറാന്‍ ഒരുങ്ങുകയാണ് മാരാരിക്കുളം. മാരാരിക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റേതാണ് പദ്ധതി. ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളില്‍ നിന്നും ബാങ്കില്‍ നിക്ഷേപം ഉറപ്പു വരുത്തിയും നിക്ഷേപകരെ മുഴുവന്‍ ബാങ്കിങ്ങ് ഇതര പ്രവര്‍ത്തനങ്ങളില്‍ക്കൂടി പങ്കാളികളാക്കിയുമാണ് പദ്ധതി നടപ്പാക്കുക.

മാരാരിക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന മേഖലയായ മാരാരിക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളാണ് സമ്പൂര്‍ണ സഹകാരി ഗ്രാമമാവാന്‍ ഒരുങ്ങുന്നത്. ആറ് മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ബാങ്ക് ഭരണ സമിതിയുടെ ലക്ഷ്യം. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും വന്‍കിട ബാങ്കുകളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നേടാനും ഇത്തരം പദ്ധതികളിലൂടെ കഴിയുമെന്നാണ് ബാങ്ക് ഭരണ സമിതിയും സഹകാരികളും പ്രതീക്ഷിക്കുന്നത്.

എല്ലാ കുടുംബങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനു പുറമെ ബാങ്ക് നടത്തുന്ന വിവിധ ബാങ്കിങ്ങ് ഇതര പ്രവര്‍ത്തനങ്ങളിലും ഇവരെയെല്ലാം പങ്കാളികളാക്കും. ഇതിനായി കാര്‍ഷിക മേഖലയില്‍ കാന്താരിപ്പാടം പദ്ധതിയും സമ്പൂര്‍ണ സഹകാരി ഗ്രാമം പദ്ധതിയോടൊപ്പം നടപ്പാക്കും. ധനകാര്യമന്ത്രി തോമസ് ഐസക് ഈ മാസം 22ന് രണ്ടു പദ്ധതികളും ഉദ്ഘാടനം ചെയ്യും.

Related Tags :
Similar Posts