ഘര്‍വാപസിക്കായി ക്രൂരപീഡനം: പൊലീസ് യോഗ സെന്ററിലെത്തി മൊഴിയെടുക്കുന്നു
|ഇതര മതസ്ഥരെ വിവാഹം ചെയ്ത ഹിന്ദു സ്ത്രീകളെ ഘര്‍വാപസിക്കായി ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത മീഡിയവണ്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് പരിശോധന.
തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിൽ പോലീസ് സംഘമെത്തി അന്വേഷണം ആരംഭിച്ചു. മീഡിയ വൺ വാർത്തയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സെന്ററിലെ കുട്ടികളിൽ നിന്നും അന്തേവാസികളിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തുകയാണ്.
രാവിലെ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രാഥമിക അന്വേഷണം നടത്തി. സെന്ററിനെ കുറിച്ച പരാതിയിൽ അടിസ്ഥാനമില്ലെന്നായിരുന്നു സ്ഥാപനത്തിലെ മേധാവികളുടെ നിലപാട്. തുടർന്ന് കൊച്ചി ഇൻഫോ പാർക്ക് സി ഐ രാധാമണിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.
അന്തേവാസികളായ ഓരോരുത്തരേയും പ്രത്യേകം മൊഴിയെടുക്കൽ തുടരുകയാണ്. പുറത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുമുണ്ട്. നേരത്തേ ലഭിച്ച പരാതികളുടെ കൂടി അടിസ്ഥാനത്തിൽ വിശദമായ അന്വഷണമാണ് നടത്തുന്നത്. യോഗകേന്ദ്രം നടത്തുന്ന മനോജ് ഇപ്പോൾ ഇവിടെയില്ലെന്നാണ് സൂചന. മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷമേ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോലിസ് കടക്കൂ.