Kerala
വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് റദ്ദാവുന്നു;  201 പേര്‍ നിയമനം കിട്ടാതെ പുറത്ത്വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് റദ്ദാവുന്നു; 201 പേര്‍ നിയമനം കിട്ടാതെ പുറത്ത്
Kerala

വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് റദ്ദാവുന്നു; 201 പേര്‍ നിയമനം കിട്ടാതെ പുറത്ത്

Jaisy
|
23 May 2018 6:11 AM GMT

ഈ തസ്തികയിലേക്ക് പി എസ് സി ഇതുവരെ പുതിയ അപേക്ഷ ക്ഷണിക്കുകയോ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടുമില്ല

പൊലീസില്‍ നിരവധി ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോള്‍ പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാവുന്നു. നിയമനം ലഭിക്കാതെ 201 പേര്‍ പുറത്തു നില്‍ക്കുമ്പോഴാണ് കാലാവധി കഴിഞ്ഞതിന്റെ പേരില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കുന്നത്. ഈ തസ്തികയിലേക്ക് പി എസ് സി ഇതുവരെ പുതിയ അപേക്ഷ ക്ഷണിക്കുകയോ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടുമില്ല.

2016 ജൂണ്‍ 6നാണ് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പി എസ് സി റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. 1214 പേരുണ്ടായിരുന്ന റാങ്ക് ലിസ്റ്റില്‍ കെ എ പി 5 ബറ്റാലിയനിലെ 85 പേരും കെ എ പി 4 ബറ്റാലിയനില്‍ 80 പേരും എം എസ് പിയില്‍ 36 പേരും നിയമനം ലഭിയ്ക്കാതെ പുറത്തു നില്‍ക്കുകയാണ്. പൊലീസില്‍ ക്രമസമാധാന പാലത്തിന് വേണ്ടത്ര ആളില്ലെന്ന പരാതികള്‍ക്കിടെയാണ് ഇത്രയും പേരെ പുറത്തു നിര്‍ത്തി റാങ്ക് ലിസ്റ്റ് റദ്ദാക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൊലീസ് ആസ്ഥാനത്തു നിന്ന് ലഭിച്ച വിവരാവകാശ രേഖയനുസരിച്ച് 931 ഒഴിവുകളാണ് പി എസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷേ 605 പേര്‍ക്ക് മാത്രമേ നിയമന ഉത്തരവ് ലഭിച്ചിട്ടുള്ളൂ. അതായത് ശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ മുഴുവന്‍ നിയമിച്ചാലും പിന്നെയും ഒഴിവുകള്‍ ബാക്കിയാവും. പക്ഷേ ഇനി ഒഴിവില്ലെന്ന മറുപടിയാണ് പി എസ് സിയില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.

ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ അടക്കം കണ്ട് പരാതിപ്പെട്ടെങ്കിലും നീതി ലഭിച്ചില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. നിയമനം പ്രതീക്ഷിച്ച് രണ്ടു വര്‍ഷം കാത്തിരുന്ന് അവസരം നഷ്ടമായതിന്റെ വേദനയിലാണ് ലിസ്റ്റില്‍ ബാക്കിയുള്ളവര്‍. ഭൂരിഭാഗവും പ്രായ പരിധിയും പുതുക്കിയ യോഗ്യതാ മാനദണ്ഡങ്ങളും കാരണം ഇനിയൊരു മത്സര പരീക്ഷ എഴുതാന്‍ കഴിയാത്തവരുമാണ്.

Similar Posts