യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസ് കെട്ടിച്ചമച്ചതാണെന്ന് ഭര്‍ത്താവ്
|കേസിനു പിന്നിൽ ചില ബാഹ്യ ശക്തികളുടെ ഇടപെടലുകൾ നടന്നതായി സംശയിക്കുന്നതായും ഇതിനെ നിയമപരമായി നേരിടുമെന്നും യുവതിയുടെ ഭർത്താവ് മുഹമ്മദ് റിയാസും പിതാവ് റഷീദും മീഡിയവണിനോട് പറഞ്ഞു
യുവതിയെ ഭീഷണിപ്പെടുത്തി മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചതെന്നു യുവതിയുടെ ഭർത്താവ്. ഗുജറാത്തില്‍ താമസമാക്കിയ പത്തനംതിട്ട സ്വദേശിയായ യുവതിയാണ് കഴിഞ്ഞ ദിവസം ഭർത്താവിനും മറ്റുള്ളവർക്കുമെതിരെ കേസ് നൽകിയത്. കേസിനു പിന്നിൽ ചില ബാഹ്യ ശക്തികളുടെ ഇടപെടലുകൾ നടന്നതായി സംശയിക്കുന്നതായും ഇതിനെ നിയമപരമായി നേരിടുമെന്നും യുവതിയുടെ ഭർത്താവ് മുഹമ്മദ് റിയാസും പിതാവ് റഷീദും മീഡിയവണിനോട് പറഞ്ഞു.
തലശ്ശേരി-മാഹി സ്വദേശിയായ മുഹമ്മദ് റിയാസ് തന്നെ ഭീഷണിപ്പെടുത്തി മതം മാറ്റി വിവാഹം കഴിച്ചെന്നും ശേഷം ജിദ്ദയിലെത്തിച്ചു സിറിയയിലേക്ക് കടത്താൻ ശ്രമിച്ചെന്നും അവിടെ നിന്നും രക്ഷപ്പെട്ടു നാട്ടിൽ തിരിച്ചെത്തി എന്നുമാണ് യുവതിയുടെ മൊഴി. കേസിൽ കഴിഞ്ഞ ദിവസം പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ ഇഷ്ടത്തിലായിരുന്നെന്നും യുവതി സ്വമേധയയാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും നിയമപരമായാണ് തങ്ങളുടെ വിവാഹം നടന്നതെന്നും പരാതിക്കാരിയുടെ ഭർത്താവ് മുഹമ്മദ് റിയാസ് പറഞ്ഞു. ജിദ്ദയിൽ ജോലി ചെയ്യുന്ന തന്നോടൊപ്പം സന്ദർശക വിസയിലെത്തി ഒരു മാസം താമസിച്ചതിനു ശേഷം യുവതിയുടെ പിതാവിന് സുഖമില്ല എന്ന വിവരമറിഞ്ഞാണ് അവർ നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോൾ തനിക്കെതിരെ ഭാര്യ ഇങ്ങിനെയൊരു കേസ് സ്വമേധയാ നൽകും എന്ന് കരുതുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ടു പോലീസിൽ നിന്നോ മറ്റോ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ ശുദ്ധ കളവാണെന്നുമാണ് മുഹമ്മദ് റിയാസിന്റെ പക്ഷം. ഇതുവരെ തനിക്കു ഏതെങ്കിലും സംഘടനകളുമായോ മറ്റോ ഒരു ബന്ധവുമില്ലെന്നും മുഹമ്മദ് റിയാസ് പറയുന്നു. കേസിനു പിന്നിൽ ചില താൽപ്പര കക്ഷികളുടെ ഗൂഡാലോചനകൾ സംശയിക്കുന്നതായി യുവാവിന്റെ പിതാവ് റഷീദ് അഭിപ്രായപ്പെട്ടു. ഏതു അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നു ജിദ്ദയിൽ ഒരേ സ്ഥാപനത്തിൽ ജോലിചെയ്തുവരുന്ന ഇരുവരും അറിയിച്ചു.