കണ്ണൂരില്‍ അഭിമുഖത്തിന്‍റെ പേരില്‍ ഇന്‍ഡിഗോ ആയിരങ്ങളെ വലച്ചു
|ഗ്രൗണ്ട് സ്റ്റാഫ്, റാമ്പ്, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് ഇന്ന് കണ്ണൂരിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് അഭിമുഖം നടത്തുമെന്നായിരുന്നു ഇന്‍ഡിഗോ എയര്‍ ലൈന്‍സിന്റെ പരസ്യം.
അഭിമുഖത്തിന്റെ പേരില്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ വലച്ച് സ്വകാര്യ വിമാന കമ്പനി. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നല്‍കിയ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിമുഖത്തിനെത്തിയവര്‍ നിരാശരായി മടങ്ങി. അഭിമുഖത്തിനുളള അടിസ്ഥാന സൗകര്യം പോലും കമ്പനി ഒരുക്കാതിരുന്നതിനെ തുടര്‍ന്നാണ് ഉദ്യോഗാര്‍ഥികള്‍ക്ക് മടങ്ങി പോകേണ്ടി വന്നത്.
ഗ്രൗണ്ട് സ്റ്റാഫ്, റാമ്പ്, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് ഇന്ന് കണ്ണൂരിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് അഭിമുഖം നടത്തുമെന്നായിരുന്നു ഇന്‍ഡിഗോ എയര്‍ ലൈന്‍സിന്റെ പരസ്യം. പരസ്യം കണ്ട് സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പുലര്‍ച്ചെ മുതലെ കണ്ണൂരിലെ സ്വകാര്യ ഹോട്ടലിലേക്ക് ഒഴുകിയെത്തി. റോഡരുകില്‍ കിലോ മീറ്ററുകളോളം ക്യൂ നീണ്ടതോടെ വാഹന ഗതാഗതവും സ്തംഭിച്ചു. വെയില്‍ കനത്തതോടെ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കമ്പനിയുടെ ഉത്തരവാദിത്വപ്പെട്ട ആളുകള്‍ എത്താത്തതിനെ തുടര്‍ന്ന് അഭിമുഖം മാറ്റിവെക്കുകയാണെന്ന് അറിയിപ്പ് വന്നതോടെ പ്രതിഷേധം ശക്തമായി.
ഒടുവില്‍ പോലീസ് ഇടപെട്ടതോടെ ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റ മാത്രം വാങ്ങി വെച്ച് കമ്പനി പ്രതിനിധികള്‍ തടിതപ്പി. എന്നാല്‍ അഭിമുഖം ഉപേക്ഷിച്ചതിനെക്കുറിച്ച് പ്രതികരിക്കാന്‍ വിമാനകമ്പനി അധികൃതര്‍ തയ്യാറായില്ല.