Kerala
നേതൃമാറ്റം ഉടനില്ല; കോണ്‍ഗ്രസ് നേതൃയോഗം സമാപിച്ചുനേതൃമാറ്റം ഉടനില്ല; കോണ്‍ഗ്രസ് നേതൃയോഗം സമാപിച്ചു
Kerala

നേതൃമാറ്റം ഉടനില്ല; കോണ്‍ഗ്രസ് നേതൃയോഗം സമാപിച്ചു

Khasida
|
23 May 2018 5:32 PM GMT

പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ക്രിയാത്മക പരിപാടികളാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി

കെ പി സി സി യില്‍ ഉടന്‍ നേതൃമാറ്റമില്ലെന്ന സന്ദേശത്തോടെ ഡല്‍ഹിയില്‍ നടന്ന രണ്ട് ദിവസത്തെ കോണ്‍ഗ്രസ്സ് നേതൃയോഗത്തിന് സമാപനം. നേതൃമാറ്റമല്ല, പാര്‍‌ട്ടിയെ ശക്തിപ്പെടുത്താന്‍ ക്രിയാത്മക നടപടികളാണ് വേണ്ടെതെന്നാണ് യോഗത്തില്‍ രാഹുല്‍ഗാന്ധി സ്വീകരിച്ച നിലപാട്. ഇതോടെ വി എം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റമെന്ന ആവശ്യവുമായെത്തിയ എ-ഐ ഗ്രൂപ്പ് നേതാക്കള്‍ നിരാശയോടെയാണ് ഡല്‍ഹിയില്‍ നിന്നും മടങ്ങിയത്.

സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ യോഗം വിളിച്ചത്. കെപിസിസി തൊട്ട് ഡിസിസി വരെയുള്ള തലങ്ങളിലെ മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും വനിതാ പ്രതിനിധികളുമടക്കം നൂറോളം പേര്‍ രണ്ട് ദിവസത്തിനിടെ രാഹുലിനെ കണ്ടു. ചര്‍ച്ചക്ക് മുന്നോടിയായി തന്നെ രാഹുല്‍ ഗ്രൂപ്പ് കളിയെ താക്കീത് ചെയ്യുകയും വി എം സുധീരനെ സംരക്ഷിച്ച് നിലപാട് വ്യക്തമാക്കുകയും ചെയ്തതോടെ സുധീരനെതിരെ പരാതി അറിയിക്കാനുറച്ച് വന്നിരുന്ന എ-ഐ ഗ്രൂപ്പ് നേതാക്കളില്‍ പലര്‍ക്കും പിന്നീടതിന് കഴിഞ്ഞില്ല.

പക്ഷേ തനിച്ച് നടത്തിയ ചര്‍ച്ചകളില്‍ സംഘടനാ തെരഞ്ഞടുപ്പിന്റെ ആവശ്യകത ഗ്രൂപ്പ് നേതാക്കള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല സുധീരനെ തല്‍സ്ഥാനത്ത് തുടരാനനുവദിക്കുകയാണെങ്കില്‍‌ കെപിസിസിയില്‍ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി ഉന്നതല സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ ഇപ്പോള്‍ നേതൃമാറ്റമുണ്ടാകില്ലെന്നും മറ്റു നടപടികളോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നു രാഹുല്‍ വ്യക്താമക്കിയതോടെ സുധീരനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് നേതാക്കള്‍ സോണിയാ ഗാന്ധിയെ കാണുകയാണ് ചെയ്തത്. പാര്‍ട്ടിയെ നയിക്കുന്നതില്‍ കെപിസിസി നേതൃത്വം സമ്പൂര്‍ണ്ണ പരാജയമെന്നാണ് എം എം ഹസ്സനും ബെന്നി ബെഹന്നാനും സോണിയയെ ബോധിപ്പിച്ചത്. പാര്‍ട്ടിയെ ഐ ക്യത്തോടെ കൊണ്ടു പോകാന്‍ സുധീരന് കഴിഞ്ഞില്ലെന്നും നേതാക്കള്‍ പരാതിപ്പെട്ടുണ്ട്. ഇക്കാര്യം നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് എ-ഐ ഗ്രൂപ്പ് നേതാക്കള്‍ അവകാശപ്പെടുന്നു.

എന്നാല്‍ സംഘടനാ സംവിധാനത്തിന് മുകളിലേക്ക് ഗ്രൂപ്പുകള്‍ വളരുന്നതും, ഗ്രൂപ്പിനനുസരിച്ച് സ്ഥാനങ്ങള്‍ വീതം വെക്കുന്നതും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹൈക്കമാന്റ്. 18 ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എം പിമാരുടെ അഭിപ്രായം കൂടി കേട്ട ശേഷമായിരിക്കും ഹൈക്കാമാന്റ് പ്രശ്നപരിഹാര നടപടികള്‍ കൈകൊള്ളുക.

Similar Posts