അട്ടപ്പാടി ജലസേചന പദ്ധതി പരിസ്ഥിതി ആഘാത പഠനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം
|പദ്ധതി യാഥാര്‍ഥ്യമായാല്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, ഈറോഡ് തുടങ്ങിയ ജില്ലകളില്‍ വെള്ളമില്ലാതാകുമെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു
അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിക്കായി കേരളം പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഘടനകള്‍ രംഗത്ത്. പരിസ്ഥി ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയ സാഹചര്യത്തിലാണിത്. തമിഴ്‌നാട്ടുകാരുടെ ആശങ്കയകറ്റാന്‍ കേരളം ഇടപെട്ടില്ലെങ്കില്‍ പദ്ധതി നഷ്ടമാകുമെന്ന ആശങ്ക ജനപ്രതിനിധികളടക്കം പങ്കുവെക്കുന്നു.
അട്ടപ്പാടി ജലസേചന പദ്ധതിക്കായി ശിരുവാണി പുഴയ്ക്കു കുറുകെ ഡാം നിര്‍മിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ 2013 ലാണ് സംസ്ഥാനം കേന്ദ്രാനുമതി തേടിയത്. എന്നാല്‍ തമിഴ്‌നാടിന്റെ കൂടി വാദം കേള്‍ക്കണമെന്ന് കേന്ദ്രം നിലപാടെടുത്തു. നിരന്തരം ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് നിലപാട് അറിയിക്കാതിരുന്നതോടെ ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്രം കഴിഞ്ഞ ദിവസം അനുമതി നല്‍കി. ഈ സാഹചര്യത്തിലാണ് ഡിഎംകെ, അണ്ണാഡിഎംകെ തുടങ്ങി തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, ഈറോഡ് തുടങ്ങിയ ജില്ലകളില്‍ വെള്ളമില്ലാതാകുമെന്ന് ഇവര്‍ ആരോപിക്കുന്നു. അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
ആഘാതപഠനത്തിന് തന്നെ എതിര്‍പ്പുയരുന്ന സാഹചര്യത്തില്‍ പദ്ധതി നഷ്ടപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു. അട്ടപ്പാടിയുടെ കുടിവെള്ള, ജലസേചന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 1970 ല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും പിന്നീട് തടസ്സപ്പെട്ടു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള നദീജല തര്‍ക്കത്തില്‍ കാവേരി ട്രൈബ്യൂണലിന്റെ വിധി പദ്ധതിക്ക് അനുകൂലമായിരുന്നു. ഇതിന് സുപ്രീംകോടതി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.