കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം
|പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത്തിനെ വെട്ടിക്കൊന്നു. പിണറായി പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ്
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിജെപി പ്രവര്‍ത്തകനായ സി രമിത്താണ് പിണറായിയില്‍ വെട്ടേറ്റ് മരിച്ചത്. പിണറായി പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. കൊലപാതകത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് നില്‍ക്കാന്‍ ആകില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.
ഇന്ന് രാവിലെ പത്ത് മുപ്പതോടെയാണ് പിണറായി പെട്രോള്‍ പമ്പിന് സമീപം ബിജെപി പ്രവര്‍ത്തകന്‍ സി രമിത്തിന് വെട്ടേറ്റത്. ടാക്സി ഡ്രൈവറായ രമിത്ത് വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങവെയണ് വാഹനത്തിലെത്തിയ ഒരു സംഘം ഇയളെ വെട്ടിവീഴ്ത്തിയത്. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന രജിത്തിനെ അതുവഴി പോയ എക്സൈസ് സംഘമാണ് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രജിത്ത് മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സ്വന്തം നാട്ടില്‍ നടന്ന കൊലപാതകത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് മാറി നില്‍ക്കാന്‍ ആകില്ലെന്ന് ഒ രാജഗോപാല്‍ എം എല്‍ എ പറഞ്ഞു.
2002 ല്‍ ചാവശേരിയില്‍ ബസിനുള്ളില്‍ വെച്ച് വെട്ടേറ്റ് മരിച്ച ബിജെപി പ്രവര്‍ത്തകന്‍ ഉത്തമന്‍റെ മകനാണ് ഇന്ന് കൊല്ലപ്പെട്ട രമിത്ത്. നല്‍പത്തിയെട്ട് മണിക്കുറിനുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സിപിഎം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ വെട്ടേറ്റ് മരിച്ചത്.