മോദി സര്‍ക്കാരിന് ഒരു എംപിയെ പോലും കൊടുക്കാത്ത കേരളം ഇനിയും ജാഗ്രത തുടരണമെന്ന് ഷഹല റാഷിദ്
|ജനങ്ങളെ വര്‍ഗീയവത്കരിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളെ കേരളീയര്‍ കരുതിയിരിക്കണമെന്നും ഷഹല റാഷിദ്...
നരേന്ദ്രമോദിയുടെ സര്‍ക്കാരിന് ഒരു എംപിയെപ്പോലും കൊടുക്കാത്ത കേരളം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും അതേ ജാഗ്രത കാണിക്കണമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഷഹല റാഷിദ്. കോഴിക്കോട് മേപ്പയൂരില്‍ നടന്ന ഫാഷിസ്റ്റു വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷഹല റാഷിദ്.
കുത്തക മുതലാളിമാരെ മാത്രം സഹായിക്കുന്ന സര്‍ക്കാര്‍ നയങ്ങളെ തുറന്നു കാണിക്കുന്നതുകൊണ്ടാണ് താനടക്കമുള്ള വിദ്യാര്‍ഥികള്‍ക്കുമേല്‍ മോദി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്ന് ഷഹലാ റാഷിദ് പറഞ്ഞു. ജനങ്ങളെ വര്‍ഗീയവത്കരിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളെ കേരളീയര്‍ കരുതിയിരിക്കണമെന്നും ഷഹല പറഞ്ഞു
''തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ കളവുകള്‍ പരക്കും. വിവിധ മാധ്യമങ്ങളിലൂടെ ബിജെപി ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിഭാഗീയതയും കുത്തിവെക്കും. ഈ പ്രചാരണങ്ങളിലൊന്നും കുടുങ്ങാതെ ഒരുമിച്ച് നില്‍ക്കണമെന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്'
രാജ്യത്തെ വിവിധ കാന്പസുകളില്‍ സമരരംഗത്തുള്ള വിദ്യാര്‍ഥി നേതാക്കളാണ് പ്രതിരോധ വസന്തങ്ങളുടെ കനല്‍ക്കൂട്ടം എന്ന് പേരിട്ട പരിപാടിയില്‍ പങ്കെടുത്തത്. ഐസയുടെ ദേശീയ പ്രസിഡന്റ് സുചാതാ ദേ, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അജയന്‍ അടാട്ട്, ഹൈദരാബാദ് സര്‍വകലാശാലയിലെ സ്മിത എന്‍, ഫറൂഖ് കോളജിലെ ദിനു എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. മേപ്പയൂര്‍ റെഡ് സ്റ്റാറാണ് പരിപാടി സംഘടിപ്പിച്ചത്.