Kerala
Kerala

വെസ്റ്റ് ഹില്‍ എഞ്ചിനീയറിംഗ് കോളജില്‍ എസ് എഫ് ഐ അക്രമം; ദൃശ്യങ്ങള്‍ പുറത്ത്

admin
|
24 May 2018 3:32 PM GMT

ഇന്നലെ നടന്ന യൂണിയന്‍ ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ സംഘര്‍ഷം.

കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. കോളേജിലെ നാലാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്ലാസ്സില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിലെത്തിയ പോലീസ് ക്ലാസ്സുകളില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലാത്തിവീശിയതായും പരാതിയുണ്ട്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയറി അക്രമിക്കുന്ന ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

ഇന്ന് ഉച്ചയോടെയാണ് പ്രകടനമായെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നാലാംവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ ക്ലാസ്സ് മുറിയില്‍ കയറി മര്‍ദ്ദിച്ചത്. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടികളെ പാത്രം ഉപയോഗിച്ച് മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ക്ലാസ്മുറികളിലെ ഫര്‍ണ്ണീച്ചറുകളും സംഘര്‍ഷത്തില്‍ തകര്‍ത്തു.

സ്ഥലത്തെത്തിയ പോലീസും ക്ലാസ്മുറികളില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിവീശിയതായും ആരോപണമുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ പ്രകോപനം സൃഷ്ടിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ വിശദീകരിച്ചു. കോളേജ് യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും കോളേജില്‍ സംഘര്‍ഷമുണ്ടായിരുന്നു.

Related Tags :
Similar Posts