പശുവും മുത്തലാഖുമല്ല, രാജ്യം ചര്‍ച്ച ചെയ്യേണ്ടത് ഭൂമിയുടെ രാഷ്ട്രീയം: രാജു സോളങ്കി
|വെല്‍ഫയര്‍പാര്‍ട്ടി സംഘടിപ്പിച്ച കേരള ലാന്‍ഡ് സമ്മിറ്റിന്റെ സമാപനം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുവിന്റെ രാഷ്ട്രീയമല്ല ഭൂമിയുടെ രാഷ്ട്രീയമാണ് രാജ്യം ചര്‍ച്ച ചെയ്യേണ്ടതെന്ന് ഗുജറാത്തി കവിയും ആക്ടിവിസ്റ്റുമായ രാജു സോളങ്കി. കാര്‍ഷിക ഭൂമി വിതരണത്തിന് കാര്‍ഷിക കമ്മീഷന്‍ രൂപീകരിക്കണമെന്നും രാജു സോളങ്കി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍പാര്‍ട്ടി സംഘടിപ്പിച്ച കേരള ലാന്‍ഡ് സമ്മിറ്റിന്റെ സമാപനം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുവും മുത്തലാഖും ചര്‍ച്ച ചെയ്യണമെന്നാണ് ഫാസിസ്റ്റുകളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ ദലിത് പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ഭൂമിക്കായുള്ള പോരാട്ടങ്ങളിലാണ്. പശുവല്ല, ഭൂമിയാണ് ചര്‍ച്ച ആകേണ്ടത്.
കൃഷിഭൂമിയെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും കാര്‍ഷിക വൃത്തിയില്‍ നിന്ന് ആദായം ലഭിക്കാനും കഴിയുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കാര്‍ഷിക കമ്മീഷന്‍ രൂപീകരിക്കണമെന്നും രാജു സോളങ്കി ആവശ്യപ്പെട്ടു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണത്തിലും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഭൂമി വിഷയത്തില്‍ ആത്മാര്‍ഥതയുള്ള സമീപനമല്ല സ്വീകരിക്കുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. രണ്ട് ദിവസമായി തിരുവന്തപുരത്ത് നടന്ന കേരള ലാന്‍ഡ് സമ്മിറ്റില്‍ ഭൂമി വിഷയത്തില്‍ നൂറോളംപ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നടന്നു.