തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 11 ഡോക്ടര്‍മാര്‍ക്ക് ഡെങ്കിപ്പനി
|ആശുപത്രി ജീവനക്കാരന്‍ ഇന്നു പുലര്‍ച്ചെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ഡെങ്കിപ്പനി ഭീതിയില്‍. ആശുപത്രി ജീവനക്കാരന്‍ ഇന്നു പുലര്‍ച്ചെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഒരു ഡോക്ടര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കാമ്പസിനുള്ളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ഡോക്ടര്‍മാരുടെ ആക്ഷേപം.
കുറുന്തോട്ടിക്കും വാതം എന്നതാണ് ജനറല്‍ ആശുപത്രിയിലെ സ്ഥിതി. രണ്ട് മാസത്തിനുള്ളില്‍ ജനറല്‍ ആശുപത്രിയിലെ 11 ഡോക്ടര്‍മാര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പലരും ഇപ്പോഴും ചികിത്സയിലാണ്. ഒരു പീഡിയാട്രീഷ്യന്‍ ഇപ്പോള്‍ ഐ സി യുവിലാണ്. മറ്റ് ജീവനക്കാരില്‍ 14 പേരും ഇതിനകം ഡെങ്കിക്ക് ചികിത്സ തേടി. ഡയാലിസിസ് ടെക്നീഷ്യന്‍ മലയിന്‍കീഴ് സ്വദേശി വിശാഖാണ് ഡെങ്കിപ്പനി മൂര്‍ഛിച്ച് മരിച്ചത്. ദിവസം ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രി ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്ഥിതി രൂക്ഷമായിട്ടും ആശുപത്രി പരിസരം ശുചിയായി സൂക്ഷിക്കാനോ കൊതുകുകളെ അകറ്റാനോ നടപടി സ്വീകരിക്കന്നില്ല. സൂപ്രണ്ടിനും ഡി എം ഒക്കും പലതവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ആരോഗ്യമന്ത്രിയുടെ ഇടപെടലുണ്ടാകുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരമടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാനാണ് ഡോക്ടര്‍മാര്‍ ആലോചിക്കുന്നത്.