ആയുര്‍വേദ ആശുപത്രിയല്ലിത്; ഔഷധച്ചെടികളുടെ കലവറ
|ചികിൽസക്ക് ആവശ്യമായ മരുന്നുകളെല്ലാം സ്വന്തം പുരയിടത്തിൽ നട്ടുവളർത്തുകയാണ് കാസർകോട് അഡ്യനടുക്കയിലെ മാത്തുകുട്ടി വൈദ്യര്‍
ചികിൽസക്ക് ആവശ്യമായ മരുന്നുകളെല്ലാം സ്വന്തം പുരയിടത്തിൽ നട്ടുവളർത്തുന്ന വൈദ്യനുണ്ട് കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമത്തില്‍. കാസർകോട് അഡ്യനടുക്കയിലെ മാത്തുകുട്ടി വൈദ്യരാണ് ആവശ്യമായ ഔഷധചെടികളെല്ലാം സ്വന്തമായി നട്ടുവളർത്തി വ്യത്യസ്തനാകുന്നത്. നാനൂറ്റി അമ്പതിലധികം ചെടികളാണ് വൈദ്യരുടെ തോട്ടത്തിലുള്ളത്..
ആയുർവേദ ആശുപത്രികള്‍ ഒരുപാട് ഉണ്ട് നാട്ടില്‍. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മാത്തുകുട്ടി വൈദ്യരുടെ ആശുപത്രി. ഇത് ഒരു ആശുപത്രിയാണെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നില്ല. രോഗികളായെത്തുന്നവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ ആശുപത്രിയും പരിസരവും. അന്യമായി കൊണ്ടിരിക്കുന്ന നിരവധി ഔഷധചെടികളുടെ കലവറ കൂടിയാണ് ഈ തോട്ടം.
കാട്ടുപൂക്കളുടെ റാണിയായ മേന്തോണിയും പുരാണങ്ങളിൽ പരാമർശിക്കപ്പെട്ട അമൃതവള്ളിയും സോറിയാസിസിനുള്ള തീപാലയും അടക്കം നാനൂറ്റി അമ്പതിലധികം ചെടികളുണ്ട് വൈദ്യുരുടെ തോട്ടത്തിൽ. കാണാനും ചെടികളെ കുറിച്ചറിയാനുമായി സ്കൂൾ വിദ്യാർഥികൾ മുതൽ ശാസ്ത്രജ്ഞർ വരെ അഡ്യനടുക്കയെന്ന അതിര്‍ത്തി ഗ്രാമത്തിലെ വൈദ്യരുടെ തോട്ടത്തിൽ എത്തുന്നുണ്ട്.