നടിയെ ആക്രമിച്ച സംഭവം കൂടുതല്‍ അന്വേഷണത്തിലേക്ക്
|പൾസർ സുനി എഴുതിയ കത്തിനെക്കുറിച്ചും കത്തിൽ പരാമർശിച്ച കാര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു
യുവനടിയെ ആക്രമിച്ച സംഭവം കൂടുതല്‍ അന്വേഷണത്തിലേക്ക്. പൾസർ സുനി എഴുതിയ കത്തിനെക്കുറിച്ചും കത്തിൽ പരാമർശിച്ച കാര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം ദിലീപും നാദിർഷയും നൽകിയ പരാതിയെക്കുറിച്ചും വിശദമായ അന്വേഷണം നടക്കും.
പൾസർ സുനി നടൻ ദിലീപിന് എഴുതിയതിയതാണെന്ന രീതിയിൽ പുറത്ത് വന്ന കത്തിനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. കത്ത് പൾസർ സുനി തന്നെയാണോ എഴുതിയത് എന്ന കാര്യത്തിൽ ഉറപ്പ് വരുത്തേണ്ടതുണ്ട്. ജയിൽ അധികൃതരുടെ റിപ്പോർട്ട് പ്രകാരം പേപ്പർ വാങ്ങിയിരുന്നു വെന്നും കത്തിലെ സീൽ ജയിലേതു തന്നെയാണെന്നും ഉറപ്പിച്ച സ്ഥിതിക്ക് എഴുതിയതാരാണെന്ന് കണ്ടെത്താൻ വലിയ പ്രയാസമില്ല. എന്നാൽ കത്തെഴുതിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടാകുമോ എന്നത് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെയും നാദിർഷയുടേയും മൊഴി രേഖപ്പെടുത്തും. സഹതടവുകാരന് പങ്കില്ലെന്ന് കത്തിൽ പറയുന്നുണ്ടെങ്കിലും അക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല. അന്വേഷണവുമായി മുന്നോട്ടു പോകാനാണ് സർക്കാർ നിർദ്ദേശം. സിനിമാ മേഖലയിലെ പല രിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനമെന്നാണ് വിവരം. അതേ സമയം ദിലീപും നാദിർഷയും നൽകിയ പരാതിയിൽ മേലും വിശദമായ അന്വേഷണം നടക്കും. പരാതിയിൽ കഴമ്പുണ്ടോ എന്നറിയണമെങ്കിൽ ഇവരുടെ മൊഴി രേഖപ്പെടുത്തണം.