Kerala
സര്‍ക്കാര്‍ ആശുപത്രിയിലും നേഴ്‌സ് സമരംസര്‍ക്കാര്‍ ആശുപത്രിയിലും നേഴ്‌സ് സമരം
Kerala

സര്‍ക്കാര്‍ ആശുപത്രിയിലും നേഴ്‌സ് സമരം

Subin
|
24 May 2018 8:15 AM GMT

1050 കിടക്കകളുള്ള ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ കരാറടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന നേഴ്‌സുമാര്‍ക്ക് ലഭിക്കുന്നത് 13900 രൂപ മാത്രമാണ്.

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ക്ക് നിശ്ചയിച്ച കുറഞ്ഞ വേതനമെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക നഴ്‌സിംഗ് ജീവനക്കാരും സമരത്തില്‍. ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന നേഴ്‌സുമാരാണ് മാന്യമായ വേതനം ആവശ്യപ്പെട്ട് പ്രകടനം നടത്തിയത്. സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വേതനത്തിന്റെ പകുതിയോളം മാത്രമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിയെടുക്കുന്ന ഇവര്‍ക്ക് ലഭിക്കുന്നത്.

800 കിടക്കകളുള്ള സ്വകാര്യ ആശുപത്രികള്‍ 23,000ത്തിലേറെ രൂപ നേഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കണമെന്നാണ് നഴ്‌സിംഗ് സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പക്ഷേ 1050 കിടക്കകളുള്ള ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ കരാറടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന നേഴ്‌സുമാര്‍ക്ക് ലഭിക്കുന്നത് 13900 രൂപ മാത്രമാണ്. ആര്‍ബിപിവൈയുടെ കീഴിലാണ് നൂറോളം നേഴ്‌സുമാര്‍ ഇവിടെ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. കരാര്‍ വര്‍ഷാവര്‍ഷം പുതുക്കി എട്ട് വര്‍ഷമായി ജോലിയില്‍ തുടരുന്നവര്‍ വരെയുണ്ട്. ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് മാസം 16,000 രൂപ ലഭിക്കുമ്പോഴാണ് തങ്ങള്‍ക്ക് ഇത്രയും കുറഞ്ഞ ശമ്പളം ലഭിക്കുന്നതെന്ന് നേഴ്‌സുമാര്‍! പറയുന്നു.

സ്വകാര്യ ആശുപത്രികളില്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് മാന്യമായ വേതനം നല്‍കണമെന്നാവശ്യപ്പെട്ട് വണ്ടാനം മെഡിക്കല്‍ കോളേജിലെ നൂറോളം കരാര്‍ നേഴ്‌സുമാര്‍ നടത്തിയ സമരത്തിന് കേരള ഗവണ്‍മെന്റ് നേഴ്‌സസ് അസോസിയേഷനും പിന്തുണ നല്‍കി.

Similar Posts