താജ്മഹല്‍ കാണാനൊരുങ്ങി കാരശ്ശേരിയിലെ കുറച്ച് അപ്പൂപ്പന്മാരും അമ്മൂമ്മമാരും
|വയോജനസൌഹൃദ പദ്ധതികളുടെ ഭാഗമായി കാരശ്ശേരി പഞ്ചായത്താണ് വൃദ്ധജനങ്ങളെ വിനോദസഞ്ചാരത്തിനായി കൊണ്ടുപോകുന്നത്. കാരശ്ശേരി കാരണവന്മാര് താജ്മഹലിലേക്ക് എന്ന പേരിലുള്ള യാത്ര..
രാജ്യതലസ്ഥാനവും താജ്മഹലും കാണാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് കാരശ്ശേരിയിലെ കുറച്ച് അപ്പൂപ്പന്മാരും അമ്മൂമ്മമാരും. വയോജനസൌഹൃദ പദ്ധതികളുടെ ഭാഗമായി കാരശ്ശേരി പഞ്ചായത്താണ് വൃദ്ധജനങ്ങളെ വിനോദസഞ്ചാരത്തിനായി കൊണ്ടുപോകുന്നത്. കാരശ്ശേരി കാരണവന്മാര് താജ്മഹലിലേക്ക് എന്ന പേരിലുള്ള യാത്ര ഇന്ന് പുറപ്പെടും.
പ്രായം ഏറെയായി. കേരളത്തിനകത്തും പുറത്തും ഒരു യാത്രയും ഇതുവരെ നടത്തിയിട്ടില്ല. കാണാന്‍ മോഹിച്ച താജ്മഹലും ദില്ലിയുമൊക്കെ സ്വപ്നങ്ങളിലൊതുക്കി വരികയായിരുന്നു. ഇങ്ങനെയിരിക്കെയാണ് കോരനും, മൊയ്തുവിനും സരോജിനിക്കുമെല്ലാം ഇതെല്ലാം കാണാനുള്ള അവസരം ഒരുങ്ങുന്നത്. പിന്നെ ഒന്നും നോക്കിയില്ല. യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കാരശ്ശേരിയിലെ കാരണവന്മാരെ താജ്മഹല്‍ കാണാന്‍ പോവുകയാണ്. 65മുതല്‍ 85 വരെ വയസ്സുവരെ പ്രായമുള്ളവരെയാണ് യാത്രയില്‍ പങ്കെടുപ്പിക്കുന്നത്. ഈ മാസം 18 വരെയുള്ള യാത്രയില്‍ ചെങ്കോട്ടയും ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളും സന്ദര്‍ശിക്കും. 80 പേരാണ് യാത്രാസംഘത്തില്‍ ഉള്ളത്.