കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക യോഗം
|ഇടുക്കി എം പി ജോയ്സ് ജോര്‍ജിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കപ്പെട്ട പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേരുന്നത്
കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക യോഗം. മുഖ്യമന്ത്രിയാണ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഇടുക്കി എം പി ജോയ്സ് ജോര്‍ജിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കപ്പെട്ട പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേരുന്നത്.
വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍ വില്ലേജില്‍പ്പെട്ട വിവാദ ഭൂമി കുറിഞ്ഞി ദേശീയോദ്യാനത്തിന്റെ ഭാഗമാണെന്നാണ് റവന്യൂവകുപ്പിന്റെ നിലപാട്. ഇവിടെയാണ് ഇടുക്കി എം പി ജോയ്സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും ഭൂമി. കൈവശാവകാശം തെളിയിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ദേവികുളം സബ് കലക്ടര്‍ ഈ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു. നിയമപ്രകാരമാണ് ഭൂമി കൈവശം വെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പ്രഖ്യാപിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കിയത് സിപിഎമ്മിന് കനത്ത പ്രഹരമായിരുന്നു. നടപടിയുടെ പശ്ചാത്തലത്തില്‍ റവന്യു വകുപ്പിനും സിപിഐക്കുമെതിരെ ജില്ലയിലെ സിപിഎം നേതൃത്വം ശക്തമായി രംഗത്തുവരുകയും ചെയ്തു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് നാളത്തെ യോഗം. വനം, റവന്യു മന്ത്രിമാരെയും റവന്യു വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ഇടുക്കി കലക്ടര്‍, ദേവികുളം സബ് കലക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.