ഓഖി വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു
|ഇടത് വലത് എംപിമാര്‍ വെവ്വേറെയാണ് കൂടിക്കാഴ്ച നടത്തിയത്. വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ഒരുമിച്ച് കൂടിക്കാഴ്ച നടത്താമെന്ന ധാരണ കോണ്‍ഗ്രസ് തെറ്റിച്ചത് രാഷ്ട്രീയം മുന്നില്‍ കണ്ടാണെന്ന് ഇടത് എംപിമാര്‍ കുറ്റപ്പെടുത്തി.
ഓഖി വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ഇടത് വലത് എംപിമാര്‍ വെവ്വേറെയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടുതല്‍ ധനസഹായം അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി.
കേരളത്തിലെ തീരദേശ മേഖലകളില്‍ ഓഖി ദുരന്തമുണ്ടാക്കിയ ആഘാതത്തിന്റെ പശ്ചാതലത്തിലാണ് കൂടുതല്‍ സഹായധനം, മുന്‍കരുതലുകള്‍, തുടര്‍നടപടികള്‍ തുടങിയ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടത്. ആദ്യം കോണ്‍ഗ്രസ് എംപിമാര്‍ കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കി.
പിന്നാലെ കൂടിക്കാഴ്ചക്കെത്തിയ ഇടത് എംപിമാര്‍ക്കും പ്രധാനമന്ത്രി ഇതേ ഉറപ്പ് നല്‍കി. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ഒരുമിച്ച് കൂടിക്കാഴ്ച നടത്താമെന്ന ധാരണ കോണ്‍ഗ്രസ് തെറ്റിച്ചത് രാഷ്ട്രീയം മുന്നില്‍ കണ്ടാണെന്ന് ഇടത് എംപിമാര്‍ കുറ്റപ്പെടുത്തി. സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടത് വലത് എംപിമാര്‍ നേരത്തെ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.