ആലപ്പുഴ ജില്ലാ കലക്ടര്‍ക്കെതിരായ തോമസ് ചാണ്ടിയുടെ വാദം തള്ളി സര്‍ക്കാര്‍
|തോമസ് ചാണ്ടിയുടെ കമ്പനിക്ക് രേഖകൾ കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി
കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് കമ്പനിയെ തള്ളി സര്‍ക്കാര്‍. ആവശ്യമായ രേഖകള്‍ നല്‍കിയില്ലെന്ന കമ്പനിയുടെ വാദം തെറ്റാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് തീര്‍പ്പാക്കിയ കോടതി ജില്ലാ കലക്ടറുടെ മുന്നില്‍ എതിര്‍പ്പ് അറിയിക്കാന്‍ കമ്പനിക്ക് സാവകാശം നല്‍കിയിട്ടുണ്ട്
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ ഭൂമി കൈയ്യേറ്റത്തിന്മേല്‍ ജില്ലാ കലക്ടറുടെ നോട്ടീസ് ചോദ്യം ചെയ്താണ് കമ്പനി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഭൂമിയുടെ സാറ്റലൈറ്റ് സര്‍വേ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നും കലക്ടറുടെ നടപടികള്‍ റദ്ദ് ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ലഭിച്ച രേഖകളില്‍ വ്യക്തതയില്ലെന്ന് കമ്പനി കോടതിയെ അറിയിച്ചു.
എന്നാല്‍ ആവശ്യമായ എല്ലാ റവന്യൂ രേഖകളും നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കേസ് തീര്‍പ്പാക്കിയ കോടതി ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ കമ്പനിക്ക് 10 ദിവസത്തിനുള്ളില്‍ ജില്ലാ കലക്ടറുടെ മുന്നില്‍ അറിയിക്കാനുള്ള സാവകാശം നല്‍കി. കേസില്‍ ജില്ലാ കലക്ടറുടെ ഹിയറിങ് കോടതി ഈ മാസം 15 ലേക്ക് മാറ്റി.