ഇന്ധന വിലവര്‍ധന: മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍
|മണ്ണെണ്ണ സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന മത്സ്യബന്ധന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മണ്ണെണ്ണ സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. മത്സ്യലഭ്യതയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതിനിടെയുള്ള വിലവര്‍ധന മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതായും തൊഴിലാളികള്‍ പറയുന്നു.
കേരളത്തില്‍ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരുപതിനായിരത്തില്‍പരം യാനങ്ങളുണ്ട്. ഡീസലിന്റെ ക്രമാതീതമായ വിലവര്‍ധന ഇവയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. കൊച്ചിയില്‍ നിന്നും വിദൂര മത്സ്യബന്ധനത്തിന് പോകുന്ന അറുന്നൂറോളം ബോട്ടുകളുണ്ട്. മൂവായിരത്തിഅഞ്ഞൂറ് ട്രോള്‍ ബോട്ടുകളും അറുപതോളം പേഴ്സ് സീന്‍ ബോട്ടുകളും നാനൂറോളം ഇന്‍ബോര്‍ഡ് വള്ളങ്ങളും ഇന്ധനമായി ഡീസലാണ് ഉപയോഗിക്കുന്നത്. പതിനെട്ടായിരത്തിലധികം വരുന്ന ഔട്ട്-ബോര്‍ഡ് എഞ്ചിനുകളുടെ യൂണിറ്റുകള്‍ക്ക് നല്‍കിവരുന്ന മണ്ണെണ്ണയുടെ സബ്സിഡി നിര്‍ത്തലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും മത്സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം 40 കുതിരശക്തിയുള്ള എഞ്ചിന് പ്രതിമാസം 179 ലിറ്റര്‍ മണ്ണെണ്ണ റേഷനായി നല്‍കിയ സ്ഥലത്ത് ഇപ്പോഴത് 67 ലിറ്ററാണ്. ഈ വിഹിതവും നിര്‍ത്തലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തൊഴിലാളികല്‍ ആരോപിക്കുന്നു. കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ കാര്യമായ വിഹിതം മത്സ്യമേഖലയ്ക്ക് മാറ്റിവെക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.