സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കം
|പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും
സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് പതാക ഉയർന്നു. മലപ്പുറം ടൗൺ ഹാളിന് മുന്നിൽ പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായ പ്രൊഫസർ ഇ പി മുഹമ്മദാലി പതാക ഉയർത്തി. നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് കൊടിമര പതാകജാഥകൾ മലപ്പുറത്ത് സംഗമിച്ചത്.
വൈകിട്ട് 6.30 ഓടുകൂടിയാണ് പതാക, കൊടിമര, സ്മൃതി ജാഥകൾ ടൗൺ ഹാളിന് മുന്നിലെത്തിയത്. അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കെ.രാജൻ എംഎൽഎയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന പതാക, അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയാണ് ഏറ്റ് വാങ്ങിയത്. കോളാടി ഗോവിന്ദൻ നായർ നഗറിൽ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ഇ പി മുഹമ്മദാലി പതാക ഉയർത്തി. തുടര്‍ന്ന് വിപ്ലവ ഗായിക വി.കെ മേദിനിയെ വേദിയിൽ ആദരിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കം എല്ലാ നേതാക്കളും വേദിയിലെത്തിയിരുന്നു.
മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി ഉദ്ഘാടനം ചെയ്യും. 593 പ്രതിനിധികളാണ് സമ്മേളത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാഷ്ട്രീയ, പ്രവർത്തന, റിപ്പോർട്ടുകൾ അവതരിപ്പിക്കും. നാലാം തീയതി വൈകിട്ട് നടക്കുന്ന പൊതുസമ്മേളനവും സുധാകർ റെഡ്ഢി ഉദ്ഘാടനം ചെയ്യും.