ഭൂമിയിടപാടില്‍ അന്വേഷണമാകാമെന്ന കോടതി വിധി; കര്‍ദിനാളിന് സിറോ മലബാര്‍ സഭാ സിനഡിന്റെ പിന്തുണ
|ഹരജിക്കാരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് ഹൈകോടതി അവസാന തീര്‍പ്പ് പറഞ്ഞിട്ടില്ല. വിധിപ്പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
ഭൂമിയിടപാട് വിഷയത്തില്‍ അന്വേഷണമാകാമെന്ന ഹൈകോടതി വിധിയില്‍ കര്‍ദിനാളിന് സിറോ മലബാര്‍ സഭാ സ്ഥിരം സിനഡിന്റെ പിന്തുണ. ഹരജിക്കാരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് ഹൈകോടതി അവസാന തീര്‍പ്പ് പറഞ്ഞിട്ടില്ല. വിധിപ്പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
ഭൂമിയിടപാട് വിഷയത്തില്‍ കേസെടുക്കാമെന്ന ഹൈകോടതി ഉത്തരവ് വന്നതിന് പിന്നാലെ വിളിച്ചുചേര്‍ത്ത സിറോ മലബാര്‍ സഭയുടെ പെര്‍മനന്‍റ് സിനഡ് യോഗത്തിലാണ് കര്‍ദിനാളിന് പൂര്‍ണ പിന്തുണ നല്‍കാന്‍ ധാരണയായത്. ഭൂമിയിടപാടില്‍ സഭാ നിയമങ്ങളോ രാജ്യത്തിന്റെ നിയമങ്ങളോ ലംഘിച്ചിട്ടില്ല. സഭാസമിതികളില്‍ ചര്‍ച്ച ചെയ്തശേഷമാണ് ഭൂമിവിറ്റത്. ഇടപാടുകള്‍ക്ക് ചുമതലപ്പെടുത്തിയവരാണ് വീഴ്ച വരുത്തിയത്. സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണ്. ഹരജിക്കാരന്‍റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ല. അന്വേഷണമാകാമെന്ന് മാത്രമാണ് പറഞ്ഞത്. ആവശ്യമെങ്കില്‍ അപ്പീല്‍ പോകുമെന്നും സഭ വ്യക്തമാക്കി.
ചങ്ങനാശ്ശേരി രൂപതാ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ രൂപതാ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, കോട്ടയം ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, പാലക്കാട് രൂപതാ ബിഷപ്പ് ജേക്കബ് മാനത്തോടത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എറണാകുളം - അങ്കമാലി സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു.