Kerala
ലൈറ്റ് മെട്രോ: ഡിഎംആർസിയെ ഒഴിവാക്കാന്‍ സർക്കാർ തന്ത്രപൂർവ്വം കരുക്കൾ നീക്കിയെന്ന് പ്രതിപക്ഷംലൈറ്റ് മെട്രോ: ഡിഎംആർസിയെ ഒഴിവാക്കാന്‍ സർക്കാർ തന്ത്രപൂർവ്വം കരുക്കൾ നീക്കിയെന്ന് പ്രതിപക്ഷം
Kerala

ലൈറ്റ് മെട്രോ: ഡിഎംആർസിയെ ഒഴിവാക്കാന്‍ സർക്കാർ തന്ത്രപൂർവ്വം കരുക്കൾ നീക്കിയെന്ന് പ്രതിപക്ഷം

Sithara
|
24 May 2018 4:57 PM GMT

ഡിഎംആർസിയെ ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ അഴിമതിയുണ്ടെന്ന് സംശയിക്കുന്നതായി പ്രതിപക്ഷം.

ഡിഎംആർസിയെ ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ അഴിമതിയുണ്ടെന്ന് സംശയിക്കുന്നതായി പ്രതിപക്ഷം. ഡിഎംആർസിയെ ഒഴിവാക്കാൻ ഇടത് സർക്കാർ നിയമസഭയിൽ തന്ത്രപൂർവ്വം കരുക്കൾ നീക്കുകയാണെന്നും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആരോപിച്ചു. കേന്ദ്ര അനുമതി ഇല്ലാതെ തന്നെ മുന്നോട്ടുപോകാമെന്ന ശ്രീധരന്റെ നിലപാടിനോട് വിയോജിപ്പുണ്ടെന്നും ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

മെട്രോ നടപ്പിലാക്കാൻ സർക്കാരിന് താൽപ്പര്യമില്ലെന്ന് ശ്രീധരന്‍ പലതവണ പറഞ്ഞിട്ടുള്ളതായി അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടി കെ മുരളീധരൻ പറഞ്ഞു. മെട്രോ പോലെ ഗൗരവമുള്ള വിഷയം സംസാരിക്കാൻ അര മണിക്കൂർ മാറ്റിവയ്ക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ലേ? ഡിഎംആര്‍സി മാറിയാൽ ആരാണ് വരികയെന്നും മുരളീധരൻ ചോദിച്ചു.

കേന്ദ്രത്തിന്‍റെ പുതുക്കിയ മെട്രോ നയത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതിരേഖ ഉന്നതതല സമിതി പരിശോധിച്ച് വരികയാണ്. 1778 കോടി രൂപയുടെ കേന്ദ്രസഹായം ലഭിക്കേണ്ട പദ്ധതിയിൽ കേന്ദ്ര അനുമതി ലഭിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല. കേന്ദ്ര അനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ പ്രവർത്തനങ്ങൾ തുടങ്ങാമെന്ന ശ്രീധരന്റെ നിലപാടിനോടാണ് വിയോജിപ്പ്. ശ്രീധരനെ ഒഴിവാക്കാൻ ഒരു ശ്രമവും സർക്കാർ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

മെട്രോയെ അല്ല ശ്രീധരനെ തന്നെയാണ് സർക്കാർ ഓടിച്ചതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ദുരഭിമാനം ഒഴിവാക്കി ശ്രീധരനുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

Related Tags :
Similar Posts