Kerala
അമ്മമാര്‍ ഉറങ്ങാത്ത വീടുകള്‍....അമ്മമാര്‍ ഉറങ്ങാത്ത വീടുകള്‍....
Kerala

അമ്മമാര്‍ ഉറങ്ങാത്ത വീടുകള്‍....

admin
|
24 May 2018 12:31 AM GMT

അടച്ചുറപ്പില്ലാത്ത വീട്ടില്‍ പെണ്‍മക്കളെ തനിച്ചാക്കി ജോലിക്ക് പോകാന്‍ പേടിയാണ് ഈ അമ്മമാര്‍ക്കിപ്പോള്‍.

പുറം പോക്കില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയേണ്ടി വന്നതും അക്രമിയില്‍ നിന്ന് രക്ഷിക്കാന്‍ വീട്ടില്‍ ആരുമില്ലാതിരുന്നതും പെരുമ്പാവൂരില്‍ ജിഷയുടെ അരുംകൊലക്ക് കാരണങ്ങളാണ്. ആ ദാരുണാന്ത്യത്തിന് ശേഷം ഇരിങ്ങോള്‍കാവ് പെ‌രിയാര്‍ വാലി കനാല്‍ റോഡിനോട് ചേര്‍ന്നുള്ള പുറമ്പോക്കില്‍, താമസക്കാരായ അമ്മമാരെല്ലാം ഭീതിയിലാണ്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ പെണ്‍മക്കളെ തനിച്ചാക്കി ജോലിക്ക് പോകാന്‍ പേടിയാണ് ഈ അമ്മമാര്‍ക്കിപ്പോള്‍.

പെരിയാര്‍വാലി കനാല്‍ റോഡിനിരുവശത്തുമായി ഇരിങ്ങോള്‍കാവില്‍ ഇരുപഞ്ചോളം വീടുകളാണ് പുറമ്പോക്കിലുള്ളത്. മരിച്ച ജിഷയുടെ വീട്ടില്‍ നിന്ന് മുമ്പോട്ട് പോകുമ്പോള്‍ ഇടിഞ്ഞ് വീഴാറായതും മേല്‍ക്കൂര ചോരുന്നതുമായ വീടുകള്‍. അടുക്കളയില്‍ നിന്നിറങ്ങുമ്പോള്‍ കാലൊന്ന് തെറ്റിയാല്‍ താഴെ കനാലിലേക്കാവും വീഴുക. ഒറ്റമുറി വീടുകളില്‍ നാലും അഞ്ചും പേരടങ്ങുന്ന കുടുംബങ്ങള്‍. ചിലര്‍ നിത്യ രോഗികള്‍. തുണിക്കടകളിലും പ്ലൈവുഡ് ഫാക്ടറിയിലുമൊക്കെയായി പണിയെടുക്കുന്ന അമ്മമാര്‍ക്ക് രാവിലെ പെണ്‍മക്കളെ തനിച്ചാക്കി വീട് വിട്ടിറങ്ങാന്‍ കഴിയാത്ത മാനസികാവസ്ഥയാണിപ്പോള്‍.

പുറമ്പോക്കില്‍ നിന്ന് സ്വന്തമായൊരു വീടെന്ന സ്വപ്നമാണ് എല്ലാവര്‍ക്കുമുള്ളത്. അടച്ചുറപ്പുള്ളൊരു വീട്. അല്ലെങ്കില്‍ ഈ നിലംപൊത്താറായ വീടുകളില്‍ എങ്ങനെ വിശ്വസിച്ച് ജീവിക്കും.

ജിഷയെ അരും കൊല ചെയ്തവരെ പോലുള്ളവര്‍ രാവും പകലും ദുസ്വപ്നമായി മനസ്സിനെ അലട്ടുമ്പോള്‍ എങ്ങനെ ഈ അമ്മമാര്‍ക്ക് വീട് വിട്ടിറങ്ങാനാവും. ഇവരുടെ ആശങ്കള്‍ അകറ്റുന്നതാവട്ടെ പുതിയ സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍.

Similar Posts