കൊല്ലത്ത് വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദനം
|പരിശോധനക്കായി വാഹനം നിര്‍ത്തിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രികനെ പൊലീസ് അടിച്ചു വീഴ്ത്തിയെന്നാരോപണം
കൊല്ലത്ത് വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദനം. പരിശോധനക്കായി വാഹനം നിര്‍ത്തിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രികനെ പൊലീസ് അടിച്ചു വീഴ്ത്തിയെന്നാരോപണം. കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപമാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കടപ്പാക്കട സ്വദേശി സന്തോഷിനാണ് പരിക്കേറ്റത്.
കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം ഉണ്ടായത്. വാഹന പരിശോധനയ്ക്ക് നിര്‍ത്തിയില്ലെന്നാരോപിച്ച് കുഞ്ഞുമായി സഞ്ചരിച്ച ബൈക്ക് യാത്രികനെ പൊലീസ് അടിച്ച് വീഴത്തുകയായിരുന്നു. കൊല്ലം കടപ്പാക്കട സ്വദേശി സന്തോഷിനാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ രണ്ട് വയസുള്ള മകനും പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പണം തികയാതായതോടെ ഇത് കടം വാങ്ങുന്നതിനായാണ് , സന്തോഷ് സുഹൃത്തിന്റെ ബൈക്കുമായി പുറത്തിറങ്ങിയത്. ഇതിനിടെയായിരുന്നു പൊലീസിന്റെ അതിക്രമം. വിവരമറിഞ്ഞ് സന്തോഷിന്റെ അമ്മ മേരിയും ആശുപത്രിയില്‍ നിന്നും സ്ഥലത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കൊല്ലം ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചു. സംഭവം അന്വേഷിക്കാമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷ് ബിനോ ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ ഉപരോധ സമരം അവസാനിപ്പിച്ചത്. സന്തോഷിനെ മര്‍ദ്ദിച്ച മാഷ് ദാസ് എന്ന ഉദ്യോഗസ്ഥന് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.