Kerala
സൗമ്യ വധക്കേസ്: വിധിപകര്‍പ്പ് പുറത്ത് വന്നപ്പോള്‍ ഗോവിന്ദചാമിക്ക് ജീവപര്യന്തംസൗമ്യ വധക്കേസ്: വിധിപകര്‍പ്പ് പുറത്ത് വന്നപ്പോള്‍ ഗോവിന്ദചാമിക്ക് ജീവപര്യന്തം
Kerala

സൗമ്യ വധക്കേസ്: വിധിപകര്‍പ്പ് പുറത്ത് വന്നപ്പോള്‍ ഗോവിന്ദചാമിക്ക് ജീവപര്യന്തം

Khasida
|
25 May 2018 6:42 PM GMT

22 പേജുള്ള വിധിയുടെ ആദ്യ ഭാഗം മാത്രമാണ് കോടതിയില്‍ വായിച്ചത്. ഇതാണ് അവ്യക്തതയ്ക്കു കാരണമായത്.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു. ബലാത്സംഗ കേസില്‍ ഹൈക്കോടതിയും വിചാരണക്കോടതിയും നല്‍കിയ ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. സുപ്രീം കോടതിയുടെ വിധിപ്പകര്‍പ്പ് പൂര്‍ണമായും പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തതവന്നത്. കൊലപാതകം പ്രോസിക്യൂഷന് സംശയത്തിനതീതമായി തെളിയിക്കാന്‍ കഴിയാതെവന്നതോടെയാണ് ഐപിസി 302 പ്രകാരം വിചാരണക്കോടതിയും ഹൈക്കോടതിയും നല്‍കിയ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. ഏഴു വര്‍ഷം കഠിന തടവെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. 22 പേജുള്ള വിധിയുടെ ആദ്യ ഭാഗം മാത്രമാണ് കോടതിയില്‍ വായിച്ചത്. ഇതാണ് അവ്യക്തതക്ക് കാരണമായത്.

വിധിയുടെ അവസാന ഭാഗത്താണ് ബലാത്സംഗ കുറ്റത്തിനും പിടിച്ചുപറി മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കും ഹൈക്കോടതിയും വിചാരണക്കോടതിയും നല്‍കിയ ശിക്ഷ നിലനില്‍ക്കുന്നതായി സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബലാത്സംഗം തെളിയിക്കപ്പെട്ടെങ്കിലും കൊലപാതക കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. ഇതാണ് വധ ശിക്ഷ റദ്ദാക്കുവാന്‍ കാരണമായത്. എന്നാല്‍ ജീവപര്യന്തം തടവും ഏഴു വര്‍ഷം കഠിന തടവും നിലനില്‍ക്കുന്നതായി സുപ്രീം കോടതി വിധിയില്‍ പറയുന്നു.

അതേ സമയം സാക്ഷിമൊഴികള്‍ അവ്യക്തമായതിനാല്‍ ബലാത്സംഗക്കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു.

സൌമ്യ വധക്കേസില്‍ കീഴ്ക്കോടതി വിധിച്ച വധശിക്ഷക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് ഇന്ന് സുപ്രിം കോടതി വിധി പറഞ്ഞത്. തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചത്. ഹരജിയില്‍ അന്തിമ വാദം കേള്‍ക്കവേ, സുപ്രീം കോടതി പ്രോസിക്യൂഷനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

2011 ഫെബ്രുവരി 1നാണ് എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേ, സൌമ്യ കൊല ചെയ്യപ്പെടുന്നത്. പ്രതി ഗോവിന്ദച്ചാമി സൌമ്യയെ ട്രെയിനില്‍ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസില്‍ വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിച്ചു. 2013 ഡിസംബര്‍ 18ന് ശിക്ഷ കേരള ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതി ഇന്ന് അന്തിമ വിധി പുറപ്പെടുവിക്കുക.

ജസ്റ്റിസുമാരായ രജ്ഞന്‍ ഗോഗോയ്, പ്രഫുള്ള സി പന്ത്, ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്. അന്തിമ വാദത്തില്‍ പ്രോസിക്യൂഷനെതിരായ ചില പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. ബലാത്സംഗം ചെയ്തത് ഗോവിന്ദച്ചാമിയാണെന്ന് സമ്മതിച്ച കോടതി, സൌമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് പ്രതി തന്നെയാണോ എന്ന സംശയം പ്രകടിപ്പിച്ചു. ഇക്കാര്യം തെളിയിക്കാനുള്ള തെളിവെവിടെ എന്നും ചോദിച്ചു. ഇതില്‍ കൃത്യമായ മറുപടി പറയാന്‍ കഴിയാതിരുന്ന പ്രോസിക്യൂഷനോട് ഊഹാപോഹങ്ങള്‍ കോടതിയില്‍ കൊണ്ട് വരരുതെന്നും പറഞ്ഞിരുന്നു.

Similar Posts