ഭാര്യയെ തല്ലിയല്ല ശൌര്യം കാണിക്കേണ്ടത്, അതിര്‍ത്തിയില്‍ പോകൂ: ഭര്‍ത്താവിനോട് കോടതി
|നിങ്ങള്‍ക്ക് നിങ്ങളുടെ അധികാരവും ശക്തിവും ധൈര്യവും എല്ലാം പ്രകടിപ്പിക്കണം എന്നാണെങ്കില്‍ അത് നമ്മുടെ അതിര്‍ത്തിയെ സംരക്ഷിക്കുന്നതിന് നല്‍കൂ
ഗാര്‍ഹിക പീഡന നിരോധനനിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് കോടതിക്കുമുമ്പില്‍ ഹാജരാക്കിയ ഭര്‍ത്താവിന് കോടതിയുടെ പരസ്യമായ ശാസന. നിങ്ങള്‍ക്ക് നിങ്ങളുടെ ശൌര്യം കാണിക്കണമെങ്കില്‍ അതിര്‍ത്തിയിലേക്ക് പോകുന്നതാണ് നല്ലതെന്നായിരുന്നു പ്രതിയോട് ഗുജറാത്ത് കോടതിയുടെ ശാസന.
ഡ്രൈവറായ വന്‍രാജ്സിങ് റാണയുടെ നിരന്തരമായ പീഡനത്തെ തുടര്‍ന്ന് ഭാര്യ സൂര്യബെന്‍ റാണയ്ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ജസ്റ്റിസ് സോണിയ ഗോകനി ആയിരുന്നു കേസ് പരിഗണിച്ചിരുന്നത്.
ജമ്മുകാശ്മീരിലെ അവസ്ഥ എത്രമാത്രം ഭീതിജനകമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ... അവിടേക്ക് ശരിക്കും ആളുകളെ ആവശ്യമുണ്ട്... നിങ്ങള്‍ക്ക് നിങ്ങളുടെ അധികാരവും ശക്തിവും ധൈര്യവും എല്ലാം പ്രകടിപ്പിക്കണം എന്നാണെങ്കില്‍ അത് നമ്മുടെ അതിര്‍ത്തിയെ സംരക്ഷിക്കുന്നതിന് നല്‍കൂ എന്നായിരുന്നു വനിതാ ജഡ്ജിയുടെ പരാമര്‍ശം.
മുന്നുകുട്ടികളുടെ അമ്മയായ സൂര്യബെന്‍ ഗാന്ധിനഗറിലെ ചിലോഡ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷമാണ് റാണയ്ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നത്. ഐപിസി 498 എ, 504, 506, 324 വകുപ്പുകള്‍ പ്രകാരം റാണയ്ക്കെതിരെ കേസെടുത്തിരുന്നു.
മാസങ്ങള്‍ക്കുശേഷം നാട്ടിലെ മുതിര്‍ന്ന ചിലരുടെ ഇടപെടലുകളെ തുടര്‍ന്ന് ഇരുവരും രമ്യതയിലെത്തിയിരുന്നു. എഫ്ഐആര്‍ റദ്ദാക്കിക്കിട്ടുന്നതിനായി തുടര്‍ന്ന് റാണ കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്.
വീടെന്നാല്‍ ആളുകള്‍ക്ക് സമാധാനവും സന്തോഷവും ഉണ്ടാകേണ്ട ഇടമാണെന്നും ജഡ്ജി റാണയെ ഓര്‍മിപ്പിച്ചു. ഒരാള്‍ക്ക് വീട്ടില്‍പോലും സമാധാനം കിട്ടുന്നില്ലെങ്കില്‍ ജീവിതം ദുരിതമായിത്തീരുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സൂര്യയുടെ തുടര്‍ന്നുള്ള ജീവിതത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വരുന്ന രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. ഈ സന്ദര്‍ശനത്തില്‍ സൂര്യയ്ക്ക് റാണയില്‍ നിന്ന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഈ എഫ്ഐആര്‍ നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു.