എപിഎല്‍ വിഭാഗക്കാര്‍ക്കുള്ള സബ്സിഡി നിരക്കിലെ റേഷന്‍ വിഹിതം നിലച്ചു
|ഉത്തരവ് സിവില്‍ സപ്ലൈസ് വകുപ്പ് പുറപ്പെടുവിച്ചു
സംസ്ഥാനത്തെ എപിഎല്‍ കുടുംബങ്ങളുടെ സബ്സിഡി നിരക്കിലെ റേഷന്‍ വിഹിതം നിലച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സിവില്‍ സപ്ലൈസ് വകുപ്പ് പുറപ്പെടുവിച്ചു. കേന്ദ്രസര്‍ക്കാരുമായി വില സംബന്ധിച്ച അവ്യക്തത തുടരുന്നതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
2016 നവംബര്‍ മാസം മുതല്‍ എപിഎല്ലുകാര്‍ക്ക് നല്കുന്ന ഭക്ഷ്യധാന്യത്തിന് കേന്ദ്രസര്‍ക്കാര്‍ താങ്ങുവില ഈടാക്കിയിട്ടുണ്ട്. ഇതിനാല്‍ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് എപിഎല്‍ നിരക്കില്‍ ലഭ്യമാകുന്ന അരിയും ഗോതമ്പും കൂടിയ വിലയ്ക്ക് മാത്രമേ ലഭിക്കൂ. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വരെ
ഒക്ടോബര്‍ മാസത്തെ റേഷന്‍ വിഹിതം എപിഎല്‍ വിഭാഗക്കാര്‍ക്ക് വകമാറ്റി ഉപയോഗിക്കരുതെന്ന നിര്‍ദേശമാണ് ഉത്തരവിലുളളത്. കൂടിയ വില ഈടാക്കുന്നതോടെ എപിഎല്‍ വിഭാഗക്കാര്‍ 8.90 പൈസ നിരക്കില്‍ ലഭിച്ചിരുന്ന ഒരു കിലോ അരിക്ക് 25 രൂപ നല്‍കേണ്ടി വരും.
ഓള് കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഒക്ടോബര്‍ മാസത്തെ റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കുകയും നവംബറിലെ റേഷന്‍ വിഹിതം എഫ്സിഐ നല്‍കാതെയുമായതോടെ എപിഎല്‍ വിഭാഗക്കാരുടെ റേഷന്‍ പൂര്‍ണമായും മുടങ്ങി. ബിപിഎല്ലുകാരുടെ റേഷന്‍ വിതരണവും പ്രതിസന്ധിയിലായിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനം ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതോടെ അഞ്ചംഗ ബിപിഎല്‍ കുടുംബത്തിന് നേരത്തെ 25 കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിച്ചിരുന്നിടത്ത് 20 കിലോ അരിയും നാല് കിലോ ഗോതമ്പും മാത്രമേ ലഭിക്കൂ.