Kerala
പക്ഷിപ്പനി പരിശോധനാ സൌകര്യം സംസ്ഥാനത്ത് തുടങ്ങുമെന്ന് സര്‍ക്കാര്‍;കര്‍ഷകര്‍ പ്രതീക്ഷയില്‍പക്ഷിപ്പനി പരിശോധനാ സൌകര്യം സംസ്ഥാനത്ത് തുടങ്ങുമെന്ന് സര്‍ക്കാര്‍;കര്‍ഷകര്‍ പ്രതീക്ഷയില്‍
Kerala

പക്ഷിപ്പനി പരിശോധനാ സൌകര്യം സംസ്ഥാനത്ത് തുടങ്ങുമെന്ന് സര്‍ക്കാര്‍;കര്‍ഷകര്‍ പ്രതീക്ഷയില്‍

Khasida
|
25 May 2018 8:52 PM GMT

കര്‍ഷകരുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ലെന്ന് ആക്ഷേപം

പക്ഷിപ്പനി പരിശോധനാ സൌകര്യം സംസ്ഥാനത്ത് തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്നതാണ്. താറാവുകളിലെ രോഗപരിശോധനയ്ക്കായി കുട്ടനാട്ടില്‍ ഗവേഷണകേന്ദ്രം തുടങ്ങുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയില്‍ കുട്ടനാട്ടിലെ താറാവ് കര്‍ഷകരുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ലെന്ന് ആക്ഷേപമുയരുന്നു.

താറാവുകളിലെ സാമ്പിള്‍ പരിശോധിക്കുന്ന സംസ്ഥാനത്തെ പ്രധാന സ്ഥാപനം തിരുവല്ല മഞ്ഞാടിയിലുള്ള പക്ഷിരോഗ നിര്‍ണ കേന്ദ്രമാണ്. വിശദ പരിശോധനക്ക് ആശ്രയിക്കുന്നതാവട്ടെ ബംഗലരു എസ്ആര്‍ഡിഡിഎല്‍ ലും, ഭോപാലിലെ ഹൈ സെക്യൂരിറ്റി ലാബിലുമാണ്. ഇത്തവണയും രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചത് ഭോപാലിലെ പരിശോനയിലാണ്.

കേരളത്തില്‍ പരിശോധനാ സൌകര്യമെന്നുള്ളത് കര്‍ഷകരുടെ നിരന്തര ആവശ്യമായിരുന്നു. കുട്ടനാട് നെടുമുടിയില്‍ ഗവേഷണകേന്ദ്രം തുടങ്ങുമെന്ന് 2014ലെ പ്രഖ്യാപനം ബജറ്റിലടക്കം ഉള്‍പെട്ടതായിരുന്നു. ലബോറട്ടറി സൌകര്യമടക്കമുള്ള സ്ഥാപനമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പഴയ പ്രഖ്യാപനം നടത്തി രണ്ടു വര്‍ഷം പിന്നിട്ടെങ്കിലും വീണ്ടും ആവശ്യം ശക്തമായതോടെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ തന്നെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയത്.

കുട്ടനാട്ടില്‍ താറാവുകളില്‍ രോഗ ഭീതി വ്യാപകമാകുമ്പോഴും താറാവു കര്‍ഷകരുടെ കൃത്യമായ കണക്ക് പോലും സര്‍ക്കാരിന്റെ കൈവശമില്ല. ഒപ്പം, താറാവുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനികള്‍ തയാറാകാത്തതും കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു. അടിക്കടി രോഗം ബാധിക്കുന്നതോടെ താറാവുകളെ ഇന്‍ഷുര്‍ചെയ്യാന്‍ കമ്പനികള്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സര്‍ക്കാര്‍, നഷ്ടപരിഹാരം പ്രഖ്യാപിച്ചതാണ് കര്‍ഷകരുടെ താല്‍ക്കാലികാശ്വാസം.

Similar Posts