നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം സമര്‍പ്പിച്ചു, മഞ്ജു പ്രധാന സാക്ഷി, ദിലീപ് എട്ടാം പ്രതി
|ദീലിപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്
നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഉച്ചയോടെ അന്വേഷണ സംഘം കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. ദീലിപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
650 പേജുകളുള്ള കുറ്റപത്രത്തില്‍ നടി മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാണ്. ദിലീപ് എട്ടാം പ്രതിയാകുന്ന കുറ്റപത്രത്തില്‍ പതിനൊന്ന് പേരാണ് പ്രതികളെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റകൃത്യം നടത്താന്‍ ഗൂഢാലോചന നടത്തിയത് ദീലിപും പള്‍സര്‍ സുനിയെന്ന സുനികുമാറും ചേര്‍ന്നാണെന്നും കുറ്റപത്രം പറയുന്നു. പള്‍സര്‍ സുനിക്ക് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ തന്നെയാണ് ദിലീപിന് മേലും ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികള്‍ കൃത്യത്തിന് സഹായിച്ചവരും സംഭവത്തിന് ശേഷം ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുമാണ്.
മുന്നോറോളം പേരാണ് കേസിലെ സാക്ഷികള്‍. ഇതില്‍ 20 പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 450 രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ ടി ആക്ട് ഉള്‍പ്പടെ 12 വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കില്ല. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. എന്നാല്‍ നിയമോപദേശം എതിരായതോടെ തീരുമാനം മാറ്റി.