സിപിഐ സമ്മേളനത്തിന് വിഎസ് എത്തുന്നതില്‍ സിപിഎമ്മിന് അതൃപ്തി
|സിപിഎം - സിപിഐ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ സിപിഐ സമ്മേളനത്തിന് വി എസ് അച്യുതാനന്ദന് എത്തുന്നതില്‍ സിപിഎം ജില്ലാനേതൃത്വത്തിന് അസംതൃപ്തി.
സിപിഎം - സിപിഐ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ സിപിഐ സമ്മേളനത്തിന് വി എസ് അച്യുതാനന്ദന് എത്തുന്നതില്‍ സിപിഎം ജില്ലാനേതൃത്വത്തിന് അസംതൃപ്തി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് വിഎസ് എത്തുന്നത്. വിഎസ് പരിപാടിയില്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാനേതൃത്വം സംസ്ഥാന നേതൃത്വത്തെ സമീപിച്ചു.
ജില്ലയില്‍ സിപിഎം - സിപിഐ തര്‍ക്കം ഏറ്റവും രൂക്ഷമായ തൃപ്പൂണിത്തുറ ഏരിയയിലാണ് സിപിഐ ജില്ലാ സമ്മേളനം നടക്കുന്നത്. തൃപ്പൂണിത്തുറയില്‍ അടുത്തിടെ നിരവധി സിപിഎം പ്രവര്‍ത്തകര്‍ രാജിവെച്ച് സിപിഐയില്‍ ചേര്‍ന്നിരുന്നു. സിപിഐ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ എത്തിച്ചായിരുന്നു സിപിഎം കണക്ക് തീര്‍ത്തത്. ഇത്തരത്തില്‍ ഒരേ മുന്നണിയിലാണെങ്കിലും പരസ്പരം പോരടിക്കുന്ന പാര്‍ട്ടികളാണ് ജില്ലയിലെ സിപിഎമ്മും സിപിഐയും. ഈ സാഹചര്യത്തില്‍ സിപിഐ സമ്മേളനത്തിലേക്ക് വിഎസ് എത്തുന്നത് സിപിഐക്ക് പാര്‍ട്ടി വിരുദ്ധ പ്രചാരണം നടത്താന്‍ സഹായകമാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആരോപണം.
സിപിഎം എറണാകുളം ജില്ലാസമ്മേളനത്തില്‍ നിന്ന് വിഎസിനെ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്ന വിമര്‍ശം നിലനില്ക്കുമ്പോള് തന്നെയാണ് സിപിഐക്കാരുടെ ക്ഷണം വിഎസ് സ്വീകരിച്ചിരിക്കുന്നത്. ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന ജില്ലയില്‍ പേരിന് പോലും വിഎസ് പക്ഷ നേതാക്കള്‍ അവശേഷിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ മാസം 31 മുതല്‍ ഫെബ്രുവരി 4 വരെയാണ് സിപിഐ ജില്ലാ സമ്മേളനം. ഫെബ്രുവരി ഒന്നിനാണ് ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം.