Kerala
ബിനോയിക്കെതിരായ തട്ടിപ്പ് കേസ് ആയുധമാക്കാനൊരുങ്ങി ബംഗാള്‍ ഘടകംബിനോയിക്കെതിരായ തട്ടിപ്പ് കേസ് ആയുധമാക്കാനൊരുങ്ങി ബംഗാള്‍ ഘടകം
Kerala

ബിനോയിക്കെതിരായ തട്ടിപ്പ് കേസ് ആയുധമാക്കാനൊരുങ്ങി ബംഗാള്‍ ഘടകം

Sithara
|
25 May 2018 3:05 PM GMT

ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന വായ്പാ തട്ടിപ്പ് കേസ് കാരാട്ട് പക്ഷത്തിനെതിരെ ആയുധമാക്കാന്‍ ബംഗാള്‍ ഘടകം ഒരുങ്ങുന്നുവെന്ന് സൂചന.

ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന വായ്പാ തട്ടിപ്പ് കേസ് കാരാട്ട് പക്ഷത്തിനെതിരെ ആയുധമാക്കാന്‍ ബംഗാള്‍ ഘടകം ഒരുങ്ങുന്നുവെന്ന് സൂചന. പാര്‍ട്ടി നേതൃത്വത്തിലെ വിഭാഗീയതയാണ് കോടിയേരിയുടെ മകനെതിരെയുള്ള കേസ് ഇപ്പോള്‍ പുറത്തെത്താന്‍ കാരണമായതെന്നാണ് മറുപക്ഷത്തിന്‍റെ വിലയിരുത്തല്‍. കേന്ദ്രകമ്മിറ്റിയില്‍ യെച്ചൂരിയുടെ രാഷ്ട്രീയ പ്രമേയരേഖയെ ശക്തമായി എതിര്‍ത്തത് കേരള ഘടകമായിരുന്നുവെന്നതാണ് കാരണമെന്ന് കാരാട്ട് പക്ഷം സംശയിക്കുന്നു.

കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം സമാപിച്ച കേന്ദ്രകമ്മിറ്റിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുന്നോട്ട് വെച്ച രാഷ്ട്രീയ പ്രമേയത്തിന്‍റെ കരട് രേഖയെ ശക്തമായി എതിര്‍ത്തത് കേരള ഘടകമായിരുന്നു. കാരാട്ട് പക്ഷത്തിനുവേണ്ടി ശക്തമായി വാദിച്ച കേരളത്തിലെ നേതാക്കള്‍ വോട്ടെടുപ്പ് ഒഴിവാക്കാനുള്ള യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്‍റെയും ശ്രമങ്ങളെ എതിര്‍ത്തു. ഇതിനുള്ള പ്രതികാരമെന്ന നിലയിലാണ് കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന പരാതി പുറത്തുവിട്ടതെന്നാണ് കാരാട്ട് പക്ഷം സംശയിക്കുന്നത്. ജനുവരി 5ന് കേന്ദ്രത്തിന് നല്‍കിയ പരാതി ഇപ്പോള്‍ പുറത്തുവിട്ടത് ദുരുദേശത്തോടെയാണെന്നാണ് വിലയിരുത്തല്‍.

സംഭവം പാര്‍ട്ടിക്കകത്ത് വിഷയമാക്കാനാണ് ബംഗാള്‍ ഘടകത്തിന്‍റെ നീക്കം. ആഡംബര ജീവിതം നയിച്ചത് ഉള്‍പ്പടെയുള്ളവ ചൂണ്ടിക്കാണിച്ച് ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ ഋതബ്രത ബാനര്‍ജിയെ പാര്‍‍ട്ടി പുറത്താക്കിയത് ഉയര്‍ത്തിക്കാട്ടിയാവും ഇത്. കോടിയേരിയുടെ മക്കളുടെ ആഡംബര ജീവിതം നേരത്തേയും പലകുറി വിവാദമായിരുന്നു. എന്നാല്‍ ഇത്തവണ ആരോപണം എന്നതിലുപരി കേസുകള്‍ തന്നെ വന്നതും ഇവര്‍ ആയുധമാക്കും.

ലളിത ജീവിതം നയിച്ച് പ്രവര്‍ത്തകര്‍ക്ക് മാതൃകയാകേണ്ട നേതാക്കളുടെ തന്നെ കുടുംബം കമ്മ്യൂണിസ്റ്റ് രീതിയിലല്ല ജീവിക്കുന്നതെന്നാണ് വിമര്‍ശനം. പാര്‍ട്ടി പ്ലീനങ്ങളിലടക്കം ഇത്തരത്തിലുള്ള നിര്‍ദേശം പല തവണ ഉയര്‍ന്നിട്ടും നേതാക്കള്‍ പാലിക്കുന്നില്ലെന്ന ആരോപണത്തിനും മറുപടി നല്‍കേണ്ടിവരും. ഏതായാലും പുതിയ കേസ് ഏപ്രിലിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

Similar Posts