മലപ്പുറത്ത് മറിഞ്ഞ ടാങ്കര്‍ ലോറിയിലെ ഇന്ധനം മറ്റ് വാഹനങ്ങളിലേക്ക് മാറ്റി
|ദേശീയപാതയില്‍ വളാഞ്ചേരി വഴിയുള്ള ഗതാഗതവും പുനസ്ഥാപിച്ചു.
മലപ്പുറം വട്ടപ്പാറ വളവില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയിലെ ഇന്ധനം 12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷം മറ്റ് വാഹനങ്ങളിലേക്ക് മാറ്റി. ദേശീയപാതയില്‍ വളാഞ്ചേരി വഴിയുള്ള ഗതാഗതവും പുനസ്ഥാപിച്ചു. ഇന്നലെ രാത്രിയാണ് വട്ടപ്പാറ വളവില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞത്.
മംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് പുറപ്പെട്ട പാചക വാതക ടാങ്കര്‍ ഇന്നലെ രാത്രി ഏഴ് മണിക്കാണ് വട്ടപ്പാറ വളവില്‍ മറിഞ്ഞത്. ഇന്ധനം ചോരാന്‍ തുടങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. ഒരു കിലോമീറ്റര്‍ പരിധിയില്‍ ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതിയും വിച്ഛേദിച്ചു. ഫയര്‍ഫോഴ്സും ഐഒസി ഉദ്യോഗസ്ഥരും ചേര്‍ന്ന് ചോര്‍ച്ച അടയ്ക്കാനും ഇന്ധനം മറ്റു വാഹനങ്ങളിലേക്ക് മാറ്റാനും ശ്രമം തുടങ്ങി. 12 മണിക്കൂറിന് ശേഷം ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ടാങ്കറില്‍ നിന്നും ഇന്ധനം പൂര്‍ണമായും നീക്കാനായത്. തുടര്‍ന്ന് ടാങ്കര്‍ ചേളാരി ഐഒസി പ്ലാന്‍റിലേക്ക് മാറ്റി.
പന്ത്രണ്ടരയോടെ വട്ടപ്പാറ വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. നിരന്തരം അപകടം നടക്കുന്ന വട്ടപ്പാറ വളവില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ യോഗം വിളിച്ചിട്ടുണ്ട്.