കല്പറ്റ-നെടുമ്പാശ്ശേരി എസി ലോ ഫ്ലോര്‍ ബസുകള്‍ കോഴിക്കോട്ടേക്ക് മാറ്റാന്‍ നീക്കം
|വയനാടിന് അനുവദിച്ചിരുന്ന ആറ് ലോഫ്ലോര്‍ ബസുകളില്‍ നാലെണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്
വയനാട് കല്പറ്റയില് നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള കെയുആര്‍ടിസിയുടെ എസി ലോ ഫ്ലോര്‍ ബസുകള്‍ കോഴിക്കോട്ടേക്ക് മാറ്റാന്‍ നീക്കം. വയനാടിന് അനുവദിച്ചിരുന്ന ആറ് ലോഫ്ലോര്‍ ബസുകളില്‍ നാലെണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
കല്പറ്റ കെഎസ് ആര്‍ടിസി ഡിപ്പോയില്‍ എസി ലോ ഫ്ലോര്‍ ബസുകള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന ഷെഡിന്റെ പണി പൂര്‍ത്തിയാകാനിരിക്കുകയാണ്. അപ്പോഴേക്കും ലോഫ്ലോര്‍ ബസുകള്‍ ഇനി ചുരം കയറേണ്ടതില്ലെന്ന നിലപാടിലേക്ക്
ഉദ്യോഗസ്ഥരെത്തിക്കഴിഞ്ഞു. വയനാടിന് അനുവദിച്ചിരുന്ന ആറ് ലോ ഫ്ലോര്‍ ബസുകളുടെ അവസ്ഥ ഇങ്ങനെയാണ്. താമരശ്ശേരി ചുരം കയറുന്നതിനാല്‍ ലോഫ്ലോര്‍ ബസുകള്‍ ഇടക്കിടെ തകരാറിലാകുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ നിസാരമായ പ്രശ്നങ്ങള്‍ കാരണമാണ് ലോ ഫ്ലോര്‍ ബസുകള്‍ കട്ടപ്പുറത്താക്കുന്നതെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. റെയില്‍വേയും വിമാനത്താവളവുമില്ലാത്ത വയനാടിന് ലോ ഫ്ലോര്‍ ബസുകള്‍കൂടി ഇല്ലാതായാല്‍ അത് ജില്ലയിലെ ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.