മറന്നോ നമ്മള് ജിഷയെ; 25 ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണസംഘം
|വ്യക്തമായ സൂചനകള്‍ ലഭിച്ചെന്ന് പറയുമ്പോഴും പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഡിഎന്‍എ ഫലം വഴിത്തിരിവാകുമെന്ന് കരുതിയെങ്കിലും പ്രതികളെന്ന് സംശയിക്കുന്നവരുടേതുമായി ഇത് യോജിക്കാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്.
ജിഷയുടെ കൊലപാതകം നടന്നിട്ട് ഇന്നേക്ക് 25 ദിവസം പിന്നിടുന്നു. വ്യക്തമായ സൂചനകള്‍ ലഭിച്ചെന്ന് പറയുമ്പോഴും പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഡിഎന്‍എ ഫലം വഴിത്തിരിവാകുമെന്ന് കരുതിയെങ്കിലും പ്രതികളെന്ന് സംശയിക്കുന്നവരുടേതുമായി ഇത് യോജിക്കാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്.
ആറോളം പേര് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടെങ്കിലും ഇവരില്‍ ആരെങ്കിലും കൊലപാതകം ചെയ്തിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ പരിശോധന ഫലങ്ങളും ഒത്തുവന്നാല്‍ മാത്രമെ പ്രതിയെ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാന്‍ സാധിക്കു.
നിര്‍ണ്ണായകമായ ചില സാക്ഷിമൊഴികളും സാഹചര്യതെളിവുകളും ആദ്യ ദിവസങ്ങളില്‍ തന്നെ അന്വേഷസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഷയുടെ അയല്‍വാസിയെയും രണ്ട് ഇതര സംസ്ഥാനതൊഴിലാളിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ വിരലടയാളം അടക്കമുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ അനുകൂലമാകാത്തത് പോലീസിനെ വലച്ചു. ഇതേ തുടര്‍ന്ന് ജിഷയുടെ വീടിന്റെ പരിസരത്തുള്ളവരുടെ എല്ലാം വിരലടയാളം എടുത്തുവെങ്കിലും പ്രയോജനമുണ്ടായില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജിഷയുടെ ദേഹത്തെ കടിയേറ്റ ഭാഗത്ത് നിന്നും ലഭിച്ച ഉമ്മിനീരിന്റെ ഡിഎന്‍എ ഫലം വന്നത് നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് കരുതിയെങ്കിലും പ്രതികളെന്ന് സംശയിക്കുന്നവരുടേതുമായി ഇത് യോജിച്ചിട്ടില്ലെന്നാണ് പരിശോധന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്ന് പേരുടെ ഡിഎന്‍എ പരിശോധന ഫലങ്ങള്‍ കൂടി അന്വേഷണസംഘം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇത് നിര്‍ണ്ണായകമാകുമെന്നാണ് സൂചന.
.