Kerala
കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അക്രമംകോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അക്രമം
Kerala

കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അക്രമം

admin
|
26 May 2018 5:04 PM GMT

ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് മീഡിയവണ്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയേഷ് രാഘവന്‍ എന്നിവര്‍ അടക്കമുള്ള നാല് പേരെയാണ് ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിട്ടിരിക്കുന്നത്...

ഐസ്ക്രീം അട്ടിമറി കേസ് പരിഗണിക്കുന്ന കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് അതിക്രമം. രാവിലെ കോടതിയിലെത്തിയ നാല് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയതു. എസ് ഐയെ നിര്‍ബന്ധ അവധിയെടുപ്പിച്ചെങ്കിലും ഉച്ചക്ക് ശേഷം വാഹനം എടുക്കാന്‍ സ്റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ വീണ്ടും സ്റ്റേഷനില്‍ പൂട്ടിയിട്ടു. എസ് ഐ വിമോദ്കുമാറിനെ പിന്നീട് സസ്പെന്റ് ചെയ്തു.

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ളാസ്സ് മജിസ്ട്രേട്ട് കോടതിയിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ടൌണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കോടതിയില്‍ നിന്ന് പുറത്തുപോകണമെന്ന് പൊലീസ് ആവശ്യം തിരസ്കരിച്ചതോടെ നാല് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡി എസ് എന്‍ ജി അടക്കമുള്ള വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

പൊലീസ് ഖേദം പ്രപകടിപ്പിക്കുകയും ടൌണ്‍ എസ് ഐ വിമോദ്കുമാറിനെ നിര്‍ബന്ധിത അവധിയില്‍ അയക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഉച്ചയോടെ പ്രശ്നങ്ങള്‍ അവസാനിച്ചു. പിന്നീട് പൊലീസ് കൊണ്ടുപോയ വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ സ്റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ എസ് ഐ വിമോദ്കുമാര്‍ സ്റ്റേഷനില് പൂട്ടിയിട്ടു. ഏഷ്യാനെറ്റ് ലേഖകന്‍ ബിനുരാജ്, മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ജയേഷ് രാഘവന്‍ തുടങ്ങിയവരെയാണ്പൂട്ടിയിട്ടത്. പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെ സ്റ്റേഷനിലും സംഘര്‍ഷാവസ്ഥയായി. പൊലീസിന് തെറ്റുപറ്റിയെന്ന് ഡി ജി പി തന്നെ ഒടുവില്‍ സമ്മതിച്ചു.

എസ് ഐയെ പിന്നീട് സസ്പെന്‍റ് ചെയ്തു. എന്നാല്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും മര്‍ദിക്കുകയും ചെയ്ത എസ് ഐയെ അറസ്ററ് ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കിതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

Similar Posts