ആശങ്കകള്‍ നീങ്ങി, വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി
|നിര്‍ത്തിവെച്ച കടല്‍കുഴിക്കല്‍ ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്
ആശങ്കകള്‍ പൂര്‍ണ്ണമായും നീങ്ങിയതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലായി. നിര്‍ത്തിവെച്ച കടല്‍ കുഴിക്കല്‍ ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്. പുലിമുട്ട് നിര്‍മ്മാണത്തിനായി 350 മീറ്റര്‍ ദൂരത്തില്‍ കടലില്‍ കല്ലിട്ടു. വേയ്ബ്രിഡ്ജും സൈറ്റ് ഓഫീസ് നവീകരണവും പൂര്‍ത്തിയായിക്കഴിഞ്ഞു.
ദേശീയ ഹരിത ട്രൈബ്യൂണല്‍ പച്ചക്കൊടി വീശിയതോടെ നിലവിലുലുണ്ടായിരുന്നതിന്റെ രണ്ടിരട്ടി വേഗതയിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. പുലിമുട്ട് നിര്‍മ്മാണത്തിന് വേണ്ടി കടലില്‍ കല്ലിടലാണ് പ്രധാനമായും നടക്കുന്നത്. കരിമ്പള്ളിക്കരഭാഗത്ത് നിന്നാരംഭിച്ച പുലിമുട്ട് നിര്‍മ്മാണത്തിനായി രാത്രിയും പകലും ഇടതടവില്ലാതെ ലോറിയില്‍ കല്ലുകളെത്തുന്നുണ്ട്. കാട്ടാക്കട സബ്സ്റ്റേഷനില്‍ നിന്ന് വൈദ്യുതി എത്തിക്കുന്ന ജോലികളും തുടങ്ങിക്കഴിഞ്ഞു. തീരദേശ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി. തുറമുഖത്ത് നിന്ന് മടവൂര്‍പാറ വഴി ബാലരാമപുരത്തേക്ക് റെയില്‍പാത നിര്‍മ്മിക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ നല്‍കുമെന്നാണ് കരുതുന്നത്. മറ്റ് തടസ്സങ്ങളൊന്നും ഇല്ലെങ്കില്‍ പറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ തുറമുഖം നാടിന് സമര്‍പ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ് അദാനി പോര്‍ട്ട് അധികൃതര്‍. സംസ്ഥാന സര്‍ക്കാരും സമാനമായ പ്രതീക്ഷയിലാണ്.