മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശാനാംഗീകാരം ആരോഗ്യ സര്‍വകലാശാല റദ്ദാക്കി
|ഇവയുടെ പ്രോസ്പെക്ടസുകള്‍ക്ക് നല്‍കിയ അംഗീകാരം ജെയിംസ് കമ്മിറ്റിയും റദ്ദാക്കി
സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രോസ്പെക്ടസിനുള്ള അംഗീകാരം ജെയിംസ് കമ്മിറ്റി പിന്‍വലിച്ചു. ആരോഗ്യ സര്‍വകലാശാല കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ജെയിംസ് കമ്മിറ്റിയുടെ നടപടി. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഓൺലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം ഒന്പത് വരെ നീട്ടി.
തിരുവനന്തപുരം എസ് ആര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കേരള മെഡിക്കല്‍ കോളജ്, കോഴിക്കോട് കെ എം സി ടി മെഡിക്കല്‍ കോളജ് എന്നിവയുടെ അഫിലിയേഷനാണ് സര്‍വകലാശാല റദ്ദാക്കിയത്. ഈ സാഹചര്യത്തില്‍ ഇവയുടെ പ്രോസ്പെക്ടസുകള്‍ക്ക് നല്‍കിയ അംഗീകാരം ജെയിംസ് കമ്മിറ്റി പിന്‍വിലിച്ചു. മൂന്ന് കോളജുകളും അപേക്ഷ നല്‍കാത്തതിനെ തുടര്‍ന്നാണ് ആരോഗ്യ സര്‍വകലാശാല ഭരണ സമിതി അഫിലിയേഷന്‍ റദ്ദാക്കിയത്. കോഴിക്കോട് കെ എം സി ടിയുടെ അംഗീകാരം മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയും നേരത്തെ റദ്ദാക്കിയിരുന്നു.
അതേസമയം സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ അപേക്ഷ നല്‍കാനുള്ള തീയതിയും ജെയിംസ് കമ്മിറ്റി നീട്ടി. ഇന്നായിരുന്നു അവസാന തീയതി. സെപ്റ്റംബര്‍ ഒന്പത് വരെ ഇനി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം തകരാറിലായത് സംബന്ധിച്ച് ലഭിച്ച വ്യാപക പരാതിയെത്തുടര്‍ന്നാണ് ജെയിംസ് കമ്മിറ്റിയുടെ നടപടി. ഇനിയും പരാതികളുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ജെയിംസ് കമ്മിറ്റി അപേക്ഷ തീയതി നീട്ടിയത്.