Kerala
ടിന്റുവില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പിടി ഉഷടിന്റുവില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പിടി ഉഷ
Kerala

ടിന്റുവില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പിടി ഉഷ

Subin
|
26 May 2018 8:37 AM GMT

അത്‌ലറ്റിക് സ്‌കൂളിന്റെ പേരില്‍ ഉഷ നടത്തുന്നത് കച്ചവടമാണെന്ന ടിന്റുവിന്റെ ബന്ധുക്കളുടെ ആരോപണത്തോട് വൈകാരികമായാണ് ഉഷ പ്രതികരിച്ചത്...

റിയോ ഒളിംപിക്സിലെ ടിന്റു ലൂക്കയുടെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം പരിശീലകക്കല്ലെന്ന് പിടി ഉഷ. ടിന്റുവില്‍ നിന്നു ഒരിക്കലും ഒരു ഒളിംപിക് മെഡല്‍ പ്രതീക്ഷിച്ചിട്ടില്ല. മെഡല്‍ നേട്ടത്തിനുള്ള കാലിബര്‍ ടിന്റുവിനില്ല. പരിശീലകക്ക് ചില പരിമിതകളുണ്ട്, അതിനെ മറികടക്കാനുള്ള ബുദ്ധിവൈഭവം പ്രകടിപ്പിക്കേണ്ടത് അത് ലറ്റുകളാണെന്നും, എന്നാല്‍ ടിന്റുവില്‍ നിന്ന് അതുണ്ടായില്ലെന്നും ഉഷ പറഞ്ഞു.

15 വർഷം മുന്‍പ്, ഉഷ സ്കൂളിലെത്തുമ്പോള്‍, ടിന്റു 26 കിലോയും, 4.16 അടി ഉയരവുമുള്ള , പോഷകാഹാരകുറവ് ബാധിച്ച പെണ്‍കുട്ടിയായിരുന്നു. അതില്‍ നിന്ന് ടിന്റുവെന്ന അത് ലറ്റിനെ വാർത്തെടുത്തത് തന്റെ അധ്വാനമാണെന്നും ഉഷ വിശദീകരിച്ചു. താന്‍ ടിന്റുവിന്റെ ആജീവനാന്ത പരിശീലകയാണ്. അതിനർത്ഥം ടിന്റുവിന്റെ മറ്റു സാധ്യതകള്‍ക്ക് തടസം നില്‍ക്കുന്നുവെന്നല്ല. വിദേശ പരിശീലകരെ തേടി ടിന്റുവിനെ ലേലത്തിന് വെയ്ക്കുകയാണോ വേണ്ടതെന്ന് വിമർശകരോടുള്ള മറുപടിയായി ഉഷ ചോദിച്ചു. അത് ലറ്റിക്സ് സ്കൂളിന്റെ പേരില്‍ താന്‍ ‌കച്ചവടം നടത്തുകയാണെന്ന, ടിന്റുവിന്റെ ബന്ധുക്കളുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണ്. ടിന്റു അടക്കമുള്ള ഉഷ സ്കൂളിലെ ഒരു അത് ലറ്റിന്റെയും പണം തനിക്കാവശ്യമില്ല. അത്‍ലറ്റുകള്‍ക്ക് കിട്ടുന്ന സമ്മാനതുകയുടെ ന്യായമായ വിഹിതം പോലും വേണ്ടെന്നു വെച്ചിട്ടുണ്ടെന്നും ഉഷ പറഞ്ഞു. കോഴിക്കോട് നടക്കാനിരിക്കന്ന ബിജെപിയുടെ ദേശീയ കൌണ്‍സിലിന്റെ സ്വാഗതസംഘം ചെയർപേഴ്സണായതിനെ തന്റെ രാഷ്ട്രീയ വിശ്വാസവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ഉഷ വ്യക്തമാക്കി. മീഡിയവണ്‍ വ്യൂപോയിന്റിലാണ് ഉഷയുടെ പ്രതികരണം.

ടിന്റുവിന്റെ അമ്മാവന്‍ ഉഷസ്‌കൂളിനെതിരെയും പി ടി ഉഷയ്‌ക്കെതിരെയും നടത്തിയ ആരോപണങ്ങളിലെ അസ്വസ്ഥത ഉഷ മറച്ചുവെച്ചില്ല. റിയോ ഒളിംപിക്‌സിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പി ടി ഉഷ പ്രതികരിക്കുന്നത്. ആരോപണങ്ങളോടുളള പി ടി ഉഷയുടെ പ്രതികരണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഇന്ന് രാത്രി പത്തരയുടെ വ്യൂപോയിന്റില്‍ കാണാം.

Related Tags :
Similar Posts