Kerala
സ്വാശ്രയ മെഡിക്കല്‍ പ്രവേശം: നൂറിലധികം പരാതികള്‍ ജെയിംസ് കമ്മിറ്റി തീര്‍പ്പാക്കിസ്വാശ്രയ മെഡിക്കല്‍ പ്രവേശം: നൂറിലധികം പരാതികള്‍ ജെയിംസ് കമ്മിറ്റി തീര്‍പ്പാക്കി
Kerala

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: നൂറിലധികം പരാതികള്‍ ജെയിംസ് കമ്മിറ്റി തീര്‍പ്പാക്കി

Sithara
|
26 May 2018 7:35 AM GMT

സാമുദായിക ക്വാട്ട, എന്‍ആര്‍ഐ സീറ്റുകളില്‍ മെറിറ്റ് അട്ടിമറിച്ചു തുടങ്ങിയ പരാതികളുൾപ്പെടെ നൂറിലധികം പരാതികള്‍ ജെയിംസ് കമ്മിറ്റി തീര്‍പ്പാക്കി

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ പ്രവേശ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ജെയിംസ് കമ്മിറ്റി കണ്ടെത്തി. സാമുദായിക ക്വാട്ട, എന്‍ആര്‍ഐ സീറ്റുകളില്‍ മെറിറ്റ് അട്ടിമറിച്ചു തുടങ്ങിയ പരാതികളുൾപ്പെടെ നൂറിലധികം പരാതികള്‍ ജെയിംസ് കമ്മിറ്റി തീര്‍പ്പാക്കി. ബാക്കിയുള്ള പരാതികളില്‍ വ്യാഴാഴ്ച തെളിവെടുപ്പ് തുടരും.

തിരുവല്ല പുഷ്പഗിരി സ്വാശ്രയ മെഡിക്കല്‍ കോളജ് എന്‍ ആര്‍ ഐ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് മെറിറ്റ് അട്ടിമറിച്ചാണെന്ന് തെളിവെടുപ്പില്‍ ജെയിംസ് കമ്മിറ്റി കണ്ടെത്തി. അപേക്ഷ പോലും ക്ഷണിക്കാതെ നിയമവിരുദ്ധമായാണ് കോളജ് എന്‍ ആര്‍ ഐ പട്ടിക പ്രസിദ്ധീകരിച്ചത്. സാമുദായിക ക്വാട്ടയില്‍ പ്രവേശം കിട്ടാന്‍ യോഗ്യതയുള്ള വിദ്യാര്‍ഥിയെ തഴഞ്ഞതായും കണ്ടെത്തി. ഇതുൾപ്പെടെ ഒന്‍പത് സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട പരാതികളാണ് ജെയിംസ് കമ്മിറ്റി ഇന്ന് തീര്‍പ്പാക്കിയത്. അയോഗ്യരായ അപേക്ഷരുടെ പട്ടികയുൾപ്പെടെ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശം മൌണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് ലംഘിച്ചുവെന്നും ജെയിംസ് കമ്മിറ്റി കണ്ടെത്തി.

രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ പേരില്‍ യോഗ്യരായ അപേക്ഷകരെ ചില കോളജുകള്‍ തള്ളിയ പരാതികളും ജെയിംസ് കമ്മിറ്റി തീര്‍പ്പാക്കി. എസ് എന്‍ മെഡിക്കല്‍ കോളജിലെ 68 അപേക്ഷകരെയും ബിലീവേഴ്സ് ചര്‍ച്ചിലെ 52 അപേക്ഷകരെയും വീണ്ടും പരിഗണിക്കാന്‍ ജെയിംസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി സമയവും നിശ്ചയിച്ച് നല്‍കി. അപേക്ഷകരുടെ റാങ്ക് വ്യക്തമാക്കാതെ പികെ ദാസ് മെഡിക്കല്‍ കോളജ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധവും സുതാര്യത നഷ്ടപ്പെടുത്തുന്നതുമാണെന്നും ജെയിംസ് കമ്മിറ്റി കണ്ടെത്തി.

Similar Posts