പതിനാലാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് നാളെ തുടക്കം
|ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചക്കും വോട്ടെടുപ്പിനുമാണ് നാളെ മുതല്‍ തുടങ്ങുന്ന സമ്മേളനത്തില്‍ 13 ദിവസവും മാറ്റിവെച്ചിരിക്കുന്നത്.
പതിനാലാം നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ തുടങ്ങും.29 ദിവസം നീണ്ട് നില്ക്കുന്ന സമ്മേളനത്തിന്റെ പ്രധാന അജണ്ട ബജറ്റിന്റെ വകുപ്പ് തിരിച്ച ചര്‍ച്ചയും പാസാക്കലുമാണ്. കിഫ്ബി ഉള്‍പ്പെടെ നിരവധി പ്രധാന നിയമ നിര്‍മാണങ്ങളും സമ്മേളനത്തില്‍ നടക്കും. സാശ്രയം ഉള്‍പ്പെടെ ഉയര്‍ത്തി പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാനുള്ള തയാറെടുപ്പിലാണ് പ്രതിപക്ഷം
ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചക്കും വോട്ടെടുപ്പിനുമാണ് നാളെ മുതല്‍ തുടങ്ങുന്ന സമ്മേളനത്തില്‍ 13 ദിവസവും മാറ്റിവെച്ചിരിക്കുന്നത്. നിയമനിര്‍മാണത്തിനും കൂടുതല്‍ ദിവസങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. കേരള ഇന്‍ഫ്രാസട്രക്ചര്‍ ഫണ്ട് ബോര്‍ഡ് കിഫ്ബിയെ ശക്തിപ്പെടുത്തുന്നതിനുള്ള ബില്ലാണ് ഏറ്റവും പ്രധാന നിയമനിര്‍മാണം. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി, ദേവസ്വം റിക്രൂട്ട്മെന്റ് ഭേദഗതി, ക്ലിനിക്കല്‍ എസ്റ്റബ്ലിഷ്മെന്റ് ഉള്‍പ്പെടെ മറ്റു പ്രധാന ബില്ലുകളും സഭയില്‍ അവതരിപ്പിക്കും. ജി എസ് ടി യെ അംഗീകരിക്കുന്ന പ്രമേയവും സഭയില്‍ വരും. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രങ്ങളുമായിട്ടായിരിക്കും പ്രതിപക്ഷത്തിന്റെ വരവ്.
യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സാശ്രയ കരാറായിരിക്കും ആദ്യ ദിവസങ്ങളിലെ ഇനം. ജിഷാ വധക്കേസിലെ തിരിച്ചടി, .സിപിഎം-ബിജെപി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയും പ്രതിപക്ഷം ഉയര്‍ത്തും. എം മാണിക്കും,കെ ബാബുവിനുമെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണമായിരിക്കും ഭരണപക്ഷത്തിന്‍രെ തുറുപ്പ് ചീട്ട്. കെഎം മാണി യുഡിഎഫ് വിട്ടതോടെ പ്രതിപക്ഷ നിരയിലെ എണ്ണം 47-ല്‍ നിന്ന് 41 ആയി കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാണ്. ഈ സമ്മേളനം മുതല്‍ കേരളാകോണ്‍ഗ്രസ് എം പ്രത്യേക ബ്ലോക്കായിയായിരിക്കും സഭയിലിരിക്കുക.