തൃശൂരില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി തര്‍ക്കം
|പത്തോളം നേതാക്കളാണ് പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തെത്തിയിരിക്കുന്നത്
തൃശൂരില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം. സി എന്‍ ബാലകൃഷ്ണനും പത്മജ വേണുഗോപാലും ടി എന്‍ പ്രതാപനും അടക്കം പത്തോളം നേതാക്കളാണ് പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തെത്തിയിരിക്കുന്നത്. സിഎന്‍ ബാലകൃഷ്ണന്റെ നീക്കത്തിനെതിരെ ഐ ഗ്രൂപ്പ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
രാഷ്ട്രീയകാര്യ സമിതിയില്‍ ശിപാര്‍ശകള്‍ സമര്‍പ്പിക്കേണ്ട സമയം അടുത്തതോടെയാണ് തൃശൂരിലെ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകിയത്. എ ഗ്രൂപ്പില്‍ നിന്ന് പ്രസിഡന്റ് സ്ഥാനം തിരികെ പിടിക്കണമെന്ന ആവശ്യത്തിലാണ് ഐ ഗ്രൂപ്പ്. എ ഗ്രൂപ്പുമായി എറണാകുളം വെച്ച്മാറാമെന്ന ആലോചനയും ഐ ഗ്രൂപ്പിലുണ്ട്. വീണ്ടും പ്രസിഡന്റ് ആകാനുള്ള താല്‍പര്യം സി എന്‍ ബാലകൃഷ്ണന്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ പ്രായാധിക്യം മുന്‍നിര്‍ത്തി എ, ഐ ഗ്രൂപ്പുകള്‍ ഒരേപോലെ സി എന്‍ ബാലകൃഷ്ണനെ എതിര്‍ക്കുന്നു. പ്രായമായവര്‍ വേണ്ടെന്ന്പറഞ്ഞ് മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാവായ വി ബല്‍റാം എതിര്‍പ്പ് പരസ്യമാക്കി.
പത്മജ വേണുഗോപാലിന്റെ പേര് പരിഗണനയിലുണ്ടെങ്കിലും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ഇതിന് എതിരാണ്. ജോസ് വള്ളൂര്‍, ടി വി ചന്ദ്രമോഹന്‍ എന്നിവരും ഐ ഗ്രൂപ്പിന്റെ പരിഗണന പട്ടികയിലുണ്ട്. പി എ മാധവനെ നിലനിര്‍ത്തണമെന്ന് എ ഗ്രൂപ്പില്‍ ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ ജോസഫ് ടാജറ്റ്, എംപി ജാക്സണ്‍ എന്നി പേരുകളും ഗ്രൂപ്പിനുള്ളില്‍ നിന്ന് വരുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പിന്തുണയോടെയാണ് ടി എന്‍ പ്രതാപന്റെ നീക്കം. എന്നാല്‍ പ്രതാപനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ട്.