സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടുതലും തിരുവനന്തപുരത്ത്
|സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ കണക്കനുസരിച്ചാണ് സ്ത്രീകള്‍ക്ക് സ്വൈര്യം നഷ്ടപ്പെട്ട ജില്ല തിരുവനന്തപുരമാണെന്ന് കാണിക്കുന്നത്.
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെ ഏറ്റവുമധികം അക്രമം നടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കനുസരിച്ച് തലസ്ഥാനത്ത് 1050 സ്ത്രീകള്‍ വിവിധ അക്രമങ്ങള്‍ക്ക് ഇരയായി. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. എറ്റവുമധികം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതും തലസ്ഥാന ജില്ലയില്‍ തന്നെ, 123 പേര്.
സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ കണക്കനുസരിച്ചാണ് സ്ത്രീകള്‍ക്ക് സ്വൈര്യം നഷ്ടപ്പെട്ട ജില്ല തിരുവനന്തപുരമാണെന്ന് കാണിക്കുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 7909 ആണ്. തലസ്ഥാന നഗരിയില്‍ 362ഉം പ്രാന്ത പ്രദേശങ്ങളില്‍ 688 കേസും രജിസ്ട്രര്‍ ചെയ്തു. മലപ്പുറത്ത് 861ഉം കോഴിക്കോട് 754ഉം പേര് വിവിധ അക്രമങ്ങള്‍ക്ക് ഇരയായി. വയനാട്ടിലാണ് താരതമ്യേന സ്ത്രീകള്‍ക്ക് സൈര്യത ലഭിച്ചത്. ഇവിടെ 247കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാലയളില്‍ സംസ്ഥാനത്താകെ 910 സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിലും തലസ്ഥാന ജില്ല മുന്നിട്ട് നില്ക്കുന്നു, 123 പേര് ഇരകളായി. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത് 106 പേര്. പീഢനശ്രമത്തിലും തലസ്ഥാന ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ആകെ 452 കേസുകള്‍ തിരുവനന്തപുരത്ത് രജിസ്ട്രര്‍ ചെയ്തു. രണ്ടാം സ്ഥാനത്തുള്ള കൊല്ലത്ത് 258 പേരാണ് പീഢന ശ്രമത്തിന് ഇരയായത്.