പാറമട ഉടമകള്‍ക്കുവേണ്ടി പൊലീസിന്റെ കള്ളക്കളി; ആദിവാസികളുടെ പരാതിയിന്മേല്‍ നടപടിയില്ല
|പത്തനംതിട്ട റാന്നിയിലെ പാറമടയ്ക്കെതിരെ കലക്ടറെ സമീപിച്ച ആദിവാസികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിന്‍മേല്‍ നടപടിയില്ല.
പത്തനംതിട്ട റാന്നിയിലെ പാറമടയ്ക്കെതിരെ കലക്ടറെ സമീപിച്ച ആദിവാസികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിന്‍മേല്‍ നടപടിയില്ല. ആദിവാസികള്‍ പരാതി നല്‍കി അഞ്ച് ദിവസം കഴിഞ്ഞിട്ടും കേസ് ചാര്‍ജ് ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല. വീടിന് സമീപത്തെ പാറമടയ്ക്കെതിരെ കലക്ടറോട് പരാതി പറഞ്ഞതിന് പിന്നാലെ ഉടമകള്‍ ഭീഷണിപ്പെടുത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.
വിവാദമായ റാന്നി ചെമ്പന്‍മുടിയിലെ മണിമലേത്ത് പാറമടയ്ക്ക് സമീപം താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ പാറമട സന്ദര്‍ശിക്കാനെത്തിയ ജില്ലാ കലക്ടറോട് തങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉടമകള്‍ തൊഴിലാളികളെ ഉപയോഗിച്ച് ആദിവാസി സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തത്. ഇത് സംബന്ധിച്ച് റാന്നി വെച്ചൂച്ചിറ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പുണ്ടാക്കാമെന്നായിരുന്നു സ്റ്റേഷനില്‍ നിന്ന് ലഭിച്ച പ്രതികരണം. പരാതിയില്‍ ഉറച്ച്നില്‍ക്കുന്നതായി അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല. പരാതി സ്വീകരിച്ചതായുള്ള രസീത് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടെങ്കിലും അതിനും പോലും പൊലീസ് തയ്യാറായില്ല.
പാറമട ഉടമകള്‍ക്കായി പൊലീസ് കള്ളക്കളി നടത്തുന്നുവെന്നാണ് പരാതിക്കാരുടെ ആരോപണം. വെച്ചൂച്ചിറ സ്റ്റേഷനില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് കാണിച്ച് ആദിവാസി സ്ത്രീകള്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വിഷയത്തില്‍ പട്ടിക വര്‍ഗവകുപ്പും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്നാണ് പരാതിക്കാരുടെ ആവശ്യം.