ജിഷ്ണുവിന്റെ മരണം: അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കുടുംബം
|ജിഷ്ണു പ്രണോയിയുടെ ശരീരത്തില്‍ മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതോടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന കുടുംബത്തിന്‌റെയും സഹപാഠികളുടെയും ആരോപണത്തിന് ബലമേറുന്നു.
ജിഷ്ണു പ്രണോയിയുടെ ശരീരത്തില്‍ മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതോടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന കുടുംബത്തിന്‌റെയും സഹപാഠികളുടെയും ആരോപണത്തിന് ബലമേറുന്നു. ജിഷ്ണുവിന്‌റെ മരണം ആത്മഹത്യയാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് കുടുംബം രംഗത്തെത്തി. മരണം നടന്ന് രണ്ടാഴ്ചയായിട്ടും അന്വേഷണ പുരോഗതി ഇല്ലാത്തതില്‍ വേദനയുണ്ടെന്നും ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു.
ജിഷ്ണു മരിക്കുന്നതിന് മുന്‍പ് മൂക്കിലും ചുണ്ടിലും മുറിവുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ മുറിവുകള്‍ മര്‍ദനത്തിന്‍റെ തെളിവാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാല്‍ മരണം ഒരു സാധാരണ ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
കോളജ് ഹോസ്റ്റലിലെ കുളിമുറിയിലെ ഭിത്തിയില്‍ തുണി തൂക്കിയിടാന്‍ ഉപയോഗിക്കുന്ന ഹുക്കില്‍ തോര്‍ത്തുപയോഗിച്ച് തൂങ്ങിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ജിഷ്ണുവിനേക്കാള്‍ അല്‍പം മാത്രം ഉയരകൂടുതലുള്ള ഹുക്കില്‍ തൂങ്ങിമരിക്കാനാകില്ല എന്നും കുടുംബം പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ അന്വേഷിക്കുന്നതിനും അപാകത പരിഹരിക്കുന്നതിനും വിദഗ്ധ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.