ഭരണകൂടങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ജനാധിപത്യവിരുദ്ധം: സദ്ഗുരു
|ആള്‍ദൈവങ്ങള്‍ യാഥാര്‍ഥ്യമല്ലെന്നും വെറും മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ജനാധിപത്യവിരുദ്ധമാണെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. ആള്‍ദൈവങ്ങള്‍ യാഥാര്‍ഥ്യമല്ലെന്നും വെറും മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തില്‍ മാധ്യമപ്രവര്ത്തകന് കെ ശശികുമാറുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നടി മഞ്ജു വാര്യരും സദ്ഗുരുവുമായി സംഭാഷണം നടത്തി.
ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെക്കുറിച്ച് പറഞ്ഞാണ് സംവാദം തുടങ്ങിയത്. ജര്‍മനിയില്‍ ഹിറ്റ്ലര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രതിഷേധിച്ച കമ്യൂണിസ്റ്റുകാരില്‍ പലരും കൊല്ലപ്പെട്ടു. ജൂതന്മാരെയും കൊന്നു. സമരം വേണ്ട എന്നാണോ പറയുന്നതെന്ന് ശശികുമാര്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ പ്രതിഷേധിക്കുന്നത് നിങ്ങള്‍ പരാജയപ്പെട്ടുവെന്നും ജനാധിപത്യ സംവിധാനത്തിന് എതിരാണെന്നുമാണ് കാണിക്കുന്നതെന്ന് സദ്ഗുരു പറഞ്ഞു.
ആത്മീയത വില്‍ക്കുന്ന ആള്‍ദൈവങ്ങളുടെ കാലമാണിതെന്ന് ശശികുമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആള്‍ദൈവങ്ങള്‍ മാധ്യമ സൃഷ്ടിമാത്രമാണെന്നായിരുന്നു മറുപടി. ഈ രാജ്യത്ത് ആരെങ്കിലും താന്‍ ആള്‍ദൈവമാണെന്ന് പറഞ്ഞിട്ടുണ്ടോ? നശിച്ച മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് ആള്‍ദൈവങ്ങള്‍ എന്ന് എപ്പോഴും വിളിക്കുന്നതെന്നായിരുന്നു സദ്ഗുരുവിന്റെ മറുപടി.
തുടര്‍ന്ന് മഞ്ജുവാര്യര്‍ സദ്ഗുരുവുമായി സംവദിച്ചു. യാത്ര, സിനിമ, യോഗ തുടങ്ങിയ വിഷയങ്ങളിലായിരുന്നു സംഭാഷണം.